ദോഹ: ഹെൽത്ത് കാർഡില്ലാത്തവർ ഉടൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിപടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂെട നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാവർക്കും വാക്സിൻ സൗജന്യമായാണ് നൽകുന്നത്. ആർക്കും നിർബന്ധമല്ല. എന്നാൽ, തങ്ങളെയും മറ്റുള്ളവരെയും രോഗത്തിൽനിന്ന് രക്ഷിക്കാനായി വാക്സിൻ സ്വീകരിക്കാൻ എല്ലാവരെയും മന്ത്രാലയം പ്രേരിപ്പിക്കുമെന്നും അവർ പറഞ്ഞു.