കൊച്ചി
വൈറ്റില മേല്‍പ്പാലം ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടാൻ ശ്രമിച്ച കേസിൽ വി ഫോര്‍ കേരള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിനെതിരെ നേതാക്കളും അറസ്റ്റിലായ നിപുന്‍ ചെറിയാന്റെ ഭാര്യ ഡോണ നിപുനും രംഗത്തെത്തി. അർധരാത്രിയ്ക് അടുത്ത പോലീസ് ഫ്ലാറ്റിൽ എത്തി പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കൈയ്യില്‍ അറസ്റ്റ് വാറണ്ടോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് ബലമായി പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്ന് ഡോണ നിപുന്‍ പറയുന്നു.
പൊലീസ് കൊണ്ടുപോയി മണിക്കൂറുകള്‍ കഴിഞ്ഞ് കാക്കനാട് സ്റ്റേഷനില്‍ വിളിച്ചെങ്കിലും അവിടെയെത്തിയല്ലെന്നായിരുന്നു പ്രതികരണം ഇൻഫോപാർക്ക് സ്റ്റേഷനിലും ഇതു തന്നെ പറഞ്ഞു എന്ന് ഡോണ പ്രതികരിച്ചു. ഒടുവില്‍ വിളിച്ചപ്പോഴാണ് മരട് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഉണ്ടെന്നറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിപുന്‍ ചെറിയാനെ കൂടാതെ സൂരജി ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
തങ്ങൾ അല്ല പാലം തുറന്നു കൊടുത്തത് എന്ന് വിഫോർ കേരള പ്രവർത്തകർ വിശദീകരിച്ചു. സംഭവം നടക്കുമ്പോൾ നിപുൻ ചെറിയാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തു ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു. പാലം തുറന്നു കൊടുത്തത് പൊതു ജനങ്ങളാണ്. പണി പൂർത്തിയായിട്ടും ജനങ്ങളെ കഷ്ടപ്പെടുത്തുന്നതല്ലാതെ അത്യാവശ്യ കാര്യങ്ങൾക്കു പോലും പാലം തുറന്നു നൽകാത്തതിനോട് ജനങ്ങൾക്ക് അമർഷമുണ്ട്. നേരത്തെ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പാലം തുറന്നു നൽകിയതിൽ വിഫോർ കേരളയ്ക്ക് പങ്കില്ല എങ്കിലും പാലം തുറന്നു നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഫോർ കേരള സെക്രട്ടറി ഷക്കീർ അലി പറഞ്ഞു.
ശനിയാഴ്ച വൈറ്റില ഫ്ലൈഓവർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇന്നലെ അജ്ഞാതർ ബാരിക്കേഡുകൾ മാറ്റി വാഹനങ്ങൾ ഫ്ലൈഓവർ വഴി കടത്തി വിട്ടത്.