ദോഹ ∙ ആധുനിക ഗൾഫ് രൂപമെടുത്ത ശേഷം ഗൾഫ് സഹകരണ കൗൺസിലിലെ(ജിസിസി) സഹോദര രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത വലിയ പ്രതിസന്ധിക്കു വിരാമമിട്ട് സൗദിഅറേബ്യ. ഖത്തറിനെതിരായ ഉപരോധം പിൻവലിക്കാൻ സൗദി തീരുമാനിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു.
കുവൈത്ത് വിദേശകാര്യമന്ത്രി ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി തന്നെ അതിർത്തികൾ തുറന്നു. അന്തിമ കരാറിൽ ഒപ്പിടാൻ ഖത്തർ അമീറിനോടും സൗദി കിരീടാവകാശിയോടും കുവൈത്ത് അമീർ ആഹ്വാനം ചെയ്തു.
ഇന്നു സൗദിയിലെ റിയാദിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ കരാർ ഒപ്പിടും. 2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.മൂന്നര വർഷത്തെ ഭിന്നതകൾ പരിഹരിച്ച് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാനും സൗദി തീരുമാനിച്ചു. ഖത്തർ ഉപരോധത്തെത്തുടർന്ന് മേഖലയിലുണ്ടായ പ്രതിസന്ധിക്കു കൂടിയാണ് ഇതോടെ അവസാനമാകുന്നത്.
