ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രമുഖ ദലിത് സിഖ് നേതാവുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് 3 മാസമായി ചികിത്സയിലായിരുന്നു. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടത്തി.
രാജസ്ഥാനിലെ ജാലോർ, പഞ്ചാബിലെ സാധ്ന, റോപർ മണ്ഡലങ്ങളിൽനിന്നായി 8 തവണ ലോക്സഭയിലെത്തി. ബിഹാർ ഗവർണർ, ദേശീയ പട്ടിക ജാതി കമ്മിഷൻ അധ്യക്ഷൻ തുടങ്ങിയ പദവികളും വഹിച്ചു.
അകാലിദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ബൂട്ടാ സിങ് പിന്നീടു കോൺഗ്രസിൽ ചേർന്നു. ഇടയ്ക്ക് ബിജെപിയിലേക്കു പോയി പിന്നീട് തിരികെ കോൺഗ്രസിലെത്തി. 1974ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ റെയിൽവേ ഉപ മന്ത്രിയായി തുടങ്ങി പിന്നീട് രാജീവ് ഗാന്ധി, നരസിംഹ റാവു, എ.ബി. വാജ്‌പേയി മന്ത്രിസഭകളിലും അംഗമായി. ആഭ്യന്തരത്തിനു പുറമേ, ഷിപ്പിങ്, സ്പോർട്സ്, പാർലമെന്ററികാര്യം, കൃഷി, വാർത്താവിനിമയം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.