കൊച്ചി:
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കമറുദ്ദീൻ ഉൾപ്പടെയുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കമറുദ്ദീനെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കൂടുതൽ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും 75 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തതായും സർക്കാർ വ്യക്തമാക്കി. സർക്കാർ നിലപാട് കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
കമറുദ്ദീന്‍റെ അഭിഭാഷകന് ഓൺലൈൻ സിറ്റിങ്ങിൽ പങ്കെടുക്കാനാകാതെ വന്നതിനാൽ ഹർജി ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് അഭിഭാഷകൻ എത്തിയതോടെയാണ് ഹർജി പരിഗണിച്ചതും വാദം കേട്ട് തളളിയതും
ചോദ്യം ചെയ്യൽ പൂർത്തിയായെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി കമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് അശോക് മേനോനാണ് പരിഗണിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് 130 കോടി തട്ടിയെന്നാണ് പ്രതികൾക്കെതിരായ കേസ്.
https://www.youtube.com/watch?v=kE4egr7IObw