ന്യൂഡല്‍ഹി:
കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ കാർഷിക നിയമഭേദഗതിയെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. കര്‍ഷകരുടെ സമരം നാലാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴാണ് മന്‍ കീ ബാത്തിലൂടെ മോദിയുടെ പ്രതികരണം.
വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതും എന്നാല്‍ എല്ലാ സര്‍ക്കാരുകളും നിരന്തരം നിരസിക്കുന്നതുമായ ആവശ്യങ്ങളാണ് ഒടുവില്‍ നടപ്പിലായിരിക്കുന്നതെന്ന് മോദി പറഞ്ഞു.
കർഷകർ ശാക്തീകരിക്കപ്പെടുകയാണ്. അവർക്കായി നിരവധി വാതിലുകൾ തുറക്കുന്നു. കര്‍ഷകര്‍ക്ക് പുതിയ അവകാശങ്ങളും അധികാരങ്ങളും ഇതിലൂടെ കെെവന്നു. അവർ ആഗ്രഹിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാനാകും.ഉത്പന്നങ്ങൾക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച് കർഷകരും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗുണം ലഭിച്ചു. കർഷകർക്ക് അവരുടെ പരാതികൾ സബ്ഡിവിഷണൽ മജിസ്ട്രേറ്റിനെഅറിയിക്കാമെന്ന് നരേന്ദ്രമോദി അറിയിച്ചു.
https://www.youtube.com/watch?v=nh8rYEQBv0Q
അതേസമയം, കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഡൽഹി ചലോ മാർച്ച്’ പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക് എത്തിനില്‍ക്കുകയാണ്. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.ആവശ്യങ്ങൾ നേടിയെടുക്കുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഡൽഹി -ഹരിയാന അതിർത്തയിലെ സിംഖുവിലാണ് നിലവിൽ കർഷകർ തമ്പടിച്ചിരിക്കുന്നത്.
കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രംഗത്തെത്തിയിരുന്നു. ബുരാരി മൈതാനത്ത് പ്രതിഷേധത്തിന് അനുമതി നൽകിയെങ്കിലും അവിടേക്ക് പോകാൻ കർഷകർ വിസമ്മതിക്കുകയായിരുന്നു. ജന്തർ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാൻ അവസരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഒരു വർഷം ഇവിടെ തുടരേണ്ടി വന്നാലും നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്നാണ് കർഷകരുടെ നിലപാട്.