Wed. Dec 18th, 2024
Deshabhimani Cartoon

തിരുവനന്തപുരം:

വെൽഫെയർ പാർട്ടിയെ വളരെയധികം മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കാർട്ടൂണിനെതിരെ വിവാദം ശക്തമാകുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ തീവ്രവാദികളായി ചിത്രീകരിക്കുന്ന തരത്തില്‍ കെെയ്യില്‍ ഒരു തോക്കും പിടിച്ച് തൊപ്പിയുമിട്ടാണ് കാര്‍ട്ടൂണില്‍ വരച്ചുകാട്ടിയിരിക്കുന്നത്. ‘ഇസ്ലാം’ എന്നാൽ ‘തീവ്രവാദം’ എന്ന് പറയുന്ന സംഘപരിവാർ ബോധത്തിൽ നിന്നും എന്ത് വ്യത്യാസമാണ് കമ്മ്യുണിസ്റ്റുകൾക്കുള്ളത് ? എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ചോദ്യം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തെ വിമര്‍ശിച്ച് കൊണ്ടും അതിലുപരി പാര്‍ട്ടിയെ തീവ്രവാദ സംഘടനയായി ചിത്രീകിരിച്ചുകൊണ്ടുമുള്ള ഈ കാര്‍ട്ടൂണ്‍ വ്യാപകമാായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തോക്കു പിടിക്കുന്ന കൈകൾ ചേരുക തൊപ്പിയിട്ട തലയോടൊപ്പമാണല്ലോ? എന്ന പരിഹാസ ചോദ്യവും ദേശാഭിമാനിക്കെതിരെ ഉയരുന്നുണ്ട്. കേരളത്തിൽ ബിജെപി വളരാൻ പ്രയാസമാണ്. സിപിഎം കണ്ണൂർ ടീം നല്ല രീതിയിൽ ബിജെപിയുടെ പണിയെടുക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

അബദ്ധമോ ഒറ്റപ്പെട്ടതോ അല്ല, വളരെ ആസൂത്രിതമായ ഒരു തന്ത്രത്തിൻ്റെയും ശൈലിയുടേയും ഭാഗമാണ് ഈ പോസ്റ്ററെന്ന് നസിറുദ്ദീൻ മറിയം എന്നൊരാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തങ്ങളുമായി സഖ്യം കൂടുമ്പോൾ മാത്രം ‘മുസ്ലിം സംഘടനകൾ ‘ സ്വീകാര്യമാവുക. മറുപക്ഷത്തേക്ക് പോയാൽ പിന്നെ തൊപ്പിയും തോക്കും മൌദൂദിയുമെല്ലാം തുന്നിച്ചേർത്ത പോസ്റ്ററുകളും കാർട്ടൂണുകളും വരും. ഈ തിരഞ്ഞെടുപ്പിലുടനീളം ഇടത് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്ററുകളിൽ ഇത് പ്രകടമായിരുന്നു. ഇപ്പോൾ കാർട്ടൂണുമായി എന്നേയുള്ളൂ വ്യത്യാസമെന്നും നസിറുദ്ദീൻ പറയുന്നു.

ദലിത് അവകാശങ്ങളെപ്പറ്റിയും അവരുടെ പ്രാതിനിധ്യ രാഷ്ട്രീയത്തെ പറ്റിയും പറയുന്നവർ മാവോയിസ്റ്റുകളും, മുസ്ലിം രാഷ്ട്രീയം പറയുന്നവർ തീവ്രവാദികളുമാകുന്ന ഇന്ത്യയിൽ, മനസ്സിൽ പൂണൂലണിഞ്ഞ ഒരു പാർട്ടിയിൽ നിന്നും ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശകര്‍ ചോദിക്കുന്നത്. വസ്ത്രം കണ്ടാൽ തിരിച്ചറിയുമെന്ന മോദിയുടെ പിൻമുറക്കാരാണോ ഇവരെന്നും ചിലര്‍ ചോദിക്കുന്നു. വെൽഫെയർ -ജമാത്തു കാര്ക്ക് തൊപ്പി നിർഭന്തമില്ലാ എന്ന്  ദോശാഭിമാനിയോട് അറിയുമെങ്കിൽ മാപ്പിള സഖാക്കൾ പറഞ്ഞ് കൊടുത്തേക്ക് എന്നും പരിഹാസമുണ്ട്. സവർണ്ണ പ്രീണനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കാലഹരണപ്പെട്ട പ്രത്യയശാസ്ത്ര കൂട്ടായ്മ മാത്രമാണ് ഇന്ന് ഇന്ത്യൻ കമ്മ്യൂണിസമെന്നും വിമര്‍ശനമുണ്ട്. എന്തൊക്കെയായാലും ഏലിയാസ് ജോണ്‍ ദേശാഭിമാനിയില്‍ വരച്ച ഈ കാര്‍ട്ടൂണിന് താഴെ വരുന്ന കമന്‍റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുകയാണ്.

By Binsha Das

Digital Journalist at Woke Malayalam