ന്യൂഡല്‍ഹി:
കര്‍ഷക ദ്രോാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം. ഡല്‍ഹി-ഹരിയാന അതിർത്തിയിൽ എത്തിയ പതിനായിരകണക്കിന് കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഡല്‍ഹി- ഹരിയാന അതിര്‍ത്തികള്‍ പൂര്‍ണമായും പൊലീസ് അടച്ചിട്ടിരിക്കുകയാണ്. കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ടാണ് വഴികള്‍ അടച്ചിരിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി നിര്‍ത്തിയിട്ടിട്ടുണ്ട്.
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യമുയർത്തി അയൽസംസ്ഥാനങ്ങളിൽനിന്നു ഡൽഹിയിലേക്കു നീങ്ങുന്ന കർഷകരെ അടിച്ചമർത്താനാണ് പൊലീസിന്റെ ശ്രമം. പിരിഞ്ഞുപോകണമെന്ന് പൊലീസ് കർഷകരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ എന്ത് പ്രതിരോധമുണ്ടായാലും മാർച്ച് തുടരുമെന്നാണ് കർഷകരുടെ പ്രതികരണം.
അതേസമയം, ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകള്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി തേടിയ ഡല്‍ഹി പൊലീസിന് തിരിച്ചടി. അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. 9 സ്റ്റേഡിയങ്ങള്‍ ജയിലുകള്‍ ആക്കാനാണ് അനുമതി തേടിയിരുന്നത്.
ഇതിനിടെ, ഡല്‍ഹിയിലെ ഗുരുദ്വാരകളില്‍ പ്രതിഷേധക്കാര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിരിക്കുകയാണ്. ബിഎസ്എഫിനെയും ഗുരുദ്വാരകളില്‍ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഇവിടേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.
https://www.youtube.com/watch?v=kMQs7mRIlxQ