Thu. Jan 23rd, 2025
National General Strike
കൊച്ചി:

കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണി മുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ 10 ദേശീയ സംഘടനകളും 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുണ്ട്.

കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. പൊതു-ഗതാഗത സർവീസുകൾ പൂർണമായും നിശ്ചലമായിരിക്കുകയാണ് കേരളത്തിൽ പാൽ, പത്രം, ആശുപത്രി, വിവാഹം, തിരഞ്ഞെടുപ്പ് പ്രവർത്തനം, തീർത്ഥാടനം എന്നിവയ്ക്ക് തടസമില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്.

ബാങ്ക്, ടെലികോം തുടങ്ങിയ എല്ലാ മേഖലകളും ഇന്ന് പ്രവർത്തനരഹിതമാണ്. തൊഴിലാളികളെ അടിസമാന സാഹചര്യത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നയത്തിനെതിരെയാണ് പണിമുടക്ക്. തൊഴിലാളിവിരുദ്ധ തൊഴിൽ ചട്ടങ്ങളും കർഷകദ്രോഹ കാർഷിക നിയമങ്ങളും പിൻവലിക്കുക,ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം നൽകുക, എല്ലാവർക്കും മാസം 10 കിലോ സൗജന്യ റേഷൻ നൽകുക തുടങ്ങി ഏഴിന ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്.

കാർഷിക നിയമത്തിനെതിരെ ഇന്നും നാളെയും നടക്കുന്ന കർഷകരുടെ പാർലമെന്റ് ഉപരോധത്തിനും തൊഴിലാളി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി ചലോ എന്ന പേരിലാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷകർ ഉപരോധം നടത്തുന്നത്. ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഇടതുപക്ഷ പാർട്ടികളും കോൺഗ്രസ്സും പിന്തുണ നൽകുന്നുണ്ട്.

 

By Arya MR