Fri. Nov 22nd, 2024
കൊച്ചി:

റോഡ്‌ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി ഏറ്റവുമധികം പണം ചെലവഴിച്ചാണ്‌ കൊച്ചി നഗരസഭയിലെ യുഡിഎഫ്‌ ഭരണസമിതി പടിയിറങ്ങിയത്‌. അഞ്ചുവർഷത്തിനിടെ 452 കോടി രൂപ റോഡുകൾക്കായി മുടക്കി. എന്നാൽ,  ഈ തുക എവിടെപ്പോയി എന്ന്‌ അന്വേഷിച്ചാൽ കാണാൻ റോഡിൽ ബാക്കിയായത്‌ കുണ്ടും കുഴിയുംമാത്രം. ഒടുവിൽ ഹൈക്കോടതി പലതവണ ഇടപ്പെട്ടിട്ടും പാഠം പഠിക്കാതെ യുഡിഎഫ്‌ ഭരണസമിതി കസേരയൊഴിഞ്ഞു.

പാലാരിവട്ടത്ത്‌ റോഡിലെ കുഴിയിൽ വീണ ബൈക്ക്‌ യാത്രികൻ യദുലാൽ‌ ലോറികയറി മരിച്ചതും ഇക്കാലയളവിലാണ്‌. രാഷ്‌ട്രീയ, സാംസ്കാരിക സിനിമ രംഗത്തുള്ളവർവരെ പഴിപറഞ്ഞിട്ടും നഗരസഭാഭരണം മുഖംതിരിച്ചു. മഴയാണ് പ്രശ്‌നമെന്നും ഫണ്ടില്ലെന്നുമായിരുന്നു പലതവണയായി മേയറുടെ പ്രതികരണം. സർക്കാരിനോട് ഫണ്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ, ലഭിച്ച ഫണ്ട്‌ എങ്ങനെ ചെലവഴിച്ചുവെന്ന്‌ അറിയിക്കണമെന്ന്‌ സർക്കാർ നിലപാടെടുത്തു. സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള നഗരസഭയാണ്‌ കൊച്ചിയിലേത്‌. വരുമാനം കുറഞ്ഞ നഗരസഭകൾവരെ റോഡുകൾ പരിപാലിക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

യുഡിഎഫ്‌ ഇറങ്ങിയശേഷം ഭരണം ഏറ്റെടുത്ത കലക്ടർ എസ്‌ സുഹാസിന്റെ ഇടപെടലിലാണ്‌ മുടങ്ങിക്കിടന്ന ചില പണികൾ ആരംഭിച്ചത്‌. എന്നാൽ, കലൂർ–കടവന്ത്ര, തമ്മനം–പുല്ലേപ്പടി, കുണ്ടന്നൂർ, ഹൈക്കോടതി, പാർക്ക് അവന്യൂ, ഗാന്ധിനഗർ തുടങ്ങിയ പ്രദേശങ്ങളിലെ പല റോഡുകളും തകർന്ന നിലയിലാണ്‌.

കഴിഞ്ഞ ഭരണസമിതി കാലയളവിൽ 452 കോടി രൂപയാണ്‌ റോഡിനായി ചെലവഴിച്ചത്‌. തനത്‌ ഫണ്ടിനത്തിൽ 216,32,69,647 രൂപയും പ്ലാൻ ഫണ്ടിനത്തിൽ 236,05,06,082 രൂപയും ചെലവഴിച്ചു. ഇതിൽ തനത്‌ ഫണ്ടിനത്തിൽ 52,09,00,887 രൂപ ഇനിയും കരാറുകാർക്ക്‌ കൊടുക്കാനുണ്ട്‌. റോഡുപണിയുടെ അനുബന്ധമായി കാന ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിന്‌ 60 കോടി രൂപയും മുടക്കി.

റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടികാണിച്ച്‌ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിക്ക്‌ കത്തയച്ചതിന്‌ പിന്നാലെ 2019 സെപ്തംബറിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയോട്‌ പലതവണ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. നൽകിയതാകട്ടെ തെറ്റായ വിവരങ്ങളും. പിന്നീടും കോടതിയുടെ കർശന ഇടപെടലുണ്ടായി. റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കണമെന്ന്‌ നിർദേശിച്ചു. റോഡുകൾ നന്നാക്കാൻ അമേരിക്കയിൽനിന്ന് ആളെ വരുത്തണമോയെന്നും കോടതി ചോദിച്ചു.

റോഡുകളുടെ ശോച്യാവസ്ഥ പഠിക്കാൻ കോടതി അമിക്കസ്‌ക്യൂറിയെ നിശ്ചയിച്ചു. അമിക്കസ്‌ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശപ്രകാരം നഗരസഭ നൽകിയ റിപ്പോർട്ട്‌ ഹൈക്കോടതി തള്ളി. 12 റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചായിരുന്നു നഗരസഭയുടെ റിപ്പോർട്ട്‌. ഇത്‌ തൃപ്തികരമല്ലെന്നാണ്‌ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കണ്ടെത്തിയത്‌. ഉദ്യോഗസ്ഥർക്കെതിരെ എന്തുനടപടി സ്വീകരിച്ചുവെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഹാജരായി വീണ്ടും റിപ്പോർട്ട്‌ നൽകാനും നിർദേശിച്ചു. കോടതി നിയോഗിച്ച അഭിഭാഷക കമീഷന്റെ ചെലവിലേക്ക്‌ നഗരസഭയോട്‌ 15,000 രൂപ പിഴയടയ്ക്കാനും കോടതി നിർദേശിച്ചു.