ഡൽഹി:
മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളാവുകയായിരുന്നു.
കോൺഗ്രസ്സിന്റെ നെടുംതൂണായ നേതാവ് നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്‌സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായി. യുപിഎ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷവും പാർട്ടിയുടേയും സർക്കാരിലേയും നിർണായക അധികാര കേന്ദ്രമായിരുന്ന അഹമ്മദ് പട്ടേൽ. ഗാന്ധി-നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാർട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു.
ഗുജറാത്തിൽ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേൽ പാർലമെൻ്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്നും 1976-ലാണ് കൗൺസിലറായി അഹമ്മദ് പട്ടേൽ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുൻപ് 1985-ൽ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെൻ്റെ സെക്രട്ടറിയായി നിയമിതനായിരുന്നു.
അതേസമയം, കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്നുവെങ്കിലും കോൺഗ്രസ് ഭാഗമായ ഒരു സർക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നിൽക്കുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തിൽ എല്ലാ കോൺഗ്രസ്സ് നേതാക്കളും അനുശോചനം അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെ തനിക്ക് നഷ്ടമായെന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു.
ഇത് ദുഃഖകരമായ ഒരു ദിവസമാണ്. അഹമ്മദ് പട്ടേൽ കോൺഗ്രസ് പാർട്ടിയുടെ ഒരു നെടുംതൂണായിരുന്നു. അദ്ദേഹം കോൺഗ്രസിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്തു. പാർട്ടി ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴും പാർട്ടിക്കൊപ്പം നിന്നു. അദ്ദേഹം വലിയൊരു മുതൽക്കൂട്ടായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ അഭാവം നേരിടേണ്ടിവരും. ഫൈസലിനോടും മുതാസിനോടും കുടുംബത്തോടും ഞാനെന്റെ സ്നേഹവും അനുശോചനവും അറിയിക്കുന്നു, രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.