വയനാട്:
പ്രളയബാധിതര്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി എത്തിച്ച് നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് നശിച്ചത്. സിപിഎമ്മിപ്പോള്‍ സംഭവത്തില്‍ നിലമ്പൂരില്‍ പ്രതിഷേധിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ റോഡ് ഉപരോധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിറ്റുകള്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു എന്നാണ് ആരോപണം.
250ഓളം ഭക്ഷ്യ കിറ്റുകളാണ് പുഴുവരിച്ചത്. ഭക്ഷ്യകിറ്റുകള്‍ കൂടാതെ വസ്ത്രങ്ങളും, സാനിറ്ററി പാഡും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ടണ്‍ കണക്കിന് സാധനങ്ങളാണ് ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്. കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പില്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കെട്ടിടത്തിൽ കെട്ടിക്കിടന്ന് നശിച്ചത്. പ്രളയദുരിതാശ്വാസമായി ലഭിച്ച വസ്തുക്കള്‍ സൂക്ഷിച്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഷട്ടർ തുറന്നു നോക്കിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.
വസ്തുക്കള്‍ മാസങ്ങളോളം പൂഴ്ത്തിവെച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് പൊളിഞ്ഞതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനങ്ങളോട് കോണ്‍ഗ്രസിന്‍റെ വെല്ലുവിളിയാണിതെന്നും വിമര്‍ശനമുണ്ട്.
https://www.youtube.com/watch?v=VsEF2AWp6xA
2019ല്‍ കവളപ്പാറയില്‍ അടക്കം വന്‍ പ്രകൃതി ദുരന്തമുണ്ടായ സമയത്ത് രാഹുല്‍ ഗാന്ധി എംപി നല്‍കിയതായിരുന്നു ഭക്ഷ്യക്കിറ്റുകള്‍.വയനാട് ലോക്‌സഭാ മണ്ഡലത്തിലാകെ 50 ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ വിവിധ കോണ്‍ഗ്രസ് മണ്ഡല കമ്മിറ്റികളെ ഏല്‍പ്പിച്ചിരുന്നത്.
അതേസമയം, സംഭവം ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയണ്. ഇത്ര വലിയ അനാസ്ഥ ഉണ്ടായിട്ടും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നാണ് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് പറയുനന്ത്.