കൊച്ചി:
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ, ത്രിതല തെരഞ്ഞെടുപ്പിൻറെ ചിത്രം വ്യക്തം. മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ വിമതരുടെയും സ്വതന്ത്രരുടെയും സാന്നിധ്യം കൂടിയാകുമ്പോൾ പോരാട്ടച്ചൂടേറും. 27 ഡിവിഷനുകളുള്ള എറണാകുളം ജില്ലാ പഞ്ചായത്തില്‍ നിലവിൽ ഭരണം യുഡിഎഫിനാണ്. ജില്ലാ പഞ്ചായത്തിലെ പ്രധാന സ്ഥാനാര്‍ഥികളെ അറിയാം.
ആവേശച്ചൂടിൽ ആവോലി
മൂവാറ്റുപുഴ: പാലക്കുഴ, ആരക്കുഴ, ആവോലി, മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്, ആയവന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആവോലി ഡിവിഷന് പൊതുവേ യുഡിഎഫിനു മേല്‍ക്കൈയുള്ള മേഖലയാണ്. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണ രംഗത്തു സജീവം. ജനറല്‍ ഡിവിഷനായ ആവോലിയില്‍ ജയിംസ് മാനുവല്‍ കുരുവിത്തടം, (എല്‍ഡിഎഫ്), ഉല്ലാസ് തോമസ് (യുഡിഎഫ്), സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി (എന്‍ഡിഎ ) എന്നിവരാണു മുന്നണി സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം പകുതിയില്‍ പ്രസിഡന്റായിരുന്ന യുഡിഎഫിലെ ഡോളി കുര്യാക്കോസ്, 14,245 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്.
ഉല്ലാസ് തോമസ് (50)-യുഡിഎഫ്
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, പാലക്കുഴ ഗ്രാമ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഉല്ലാസ് തോമസ് ഡിസിസി സെക്രട്ടറിയാണ്. പൊതുപ്രവര്‍ത്തന രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം. കാര്‍ഷിക വിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തി. വിദ്യാഭ്യാസ യോഗ്യത: ജിഡിസി.
ജയിംസ് മാനുവല്‍ കുരുവിത്തടം (71) -എല്‍ഡിഎഫ്
ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ്, ആരക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ കേരള സെക്ടര്‍ പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് -ബി സംസ്ഥാന നിര്‍വാഹകസമിതി അംഗം. മൂവാറ്റുപുഴ ബാറിലെ അഭിഭാഷകന്. വിദ്യാഭ്യാസ യോഗ്യത: ബികോം, എല്‍എല്‍ബി.
സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി (61) -എന്‍ഡിഎ
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം. പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് സ്ഥാപകരില്‍ ഒരാളും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ജില്ലാ വോളിബോള്‍ അസോസിയേഷന് അംഗമായ ഇദ്ദേഹം ട്രേഡ് യൂണിയന് നേതൃത്വത്തിലുമുണ്ട്. മികച്ച ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവാണ്. വിദ്യാഭ്യാസ യോഗ്യത: ഐടിഐ
ഭൂതത്താന്കെട്ടിനായി വനിതാപോര്
കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി, കീരംപാറ (ഭാഗികം) പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണു ഭൂതത്താന്‍കെട്ട് ഡിവിഷന്. ഇക്കുറി വനിതാ സംവരണമാണ്. കഴിഞ്ഞ തവണ യുഡിഎഫിലെ എം.എം. അബ്ദുള്‍ കരീം 1877 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും കോടതിവിധിയിലൂടെ എല്‍ഡിഎഫിലെ കെ.എം. പരീതിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. രഹ്ന നൂറുദ്ദീന്‍ (യുഡിഎഫ്), റഷീദ സലിം (എല്‍ഡിഎഫ്), വിനോദിനി ഉണ്ണികൃഷ്ണന് (എന്‍ഡിഎ) എന്നിവരാണു മുന്നണി സ്ഥാനാര്‍ഥികള്‍.
രഹ്ന നൂറുദ്ദിന് (41) -യുഡിഎഫ്
നെല്ലിക്കുഴി പഞ്ചായത്ത് മുന്‍ അംഗമാണ്. മഹിളാ കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ്, കുടുംബശ്രീ സംരംഭക പരിശീലക എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനിംഗും ടെയ്ലറിംഗ് പരിശീലനവുമാണു ജോലി. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി.
റഷീദ സലിം (38) -എല്‍ഡിഎഫ്
ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, സിപിഎം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ യോഗ്യത: എംഎ, ബിഎഡ്.
വിനോദിനി ഉണ്ണികൃഷ്ണന് (55) -എന്‍ഡിഎ
സേവാകിരണ്‍ സൊസൈറ്റി എക്സി.അംഗമാണ്. വനിതാ ശാക്തീകരണ പ്രസ്ഥാനമായ സ്വസ്തിയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. 2000ല്‍ നെല്ലിക്കുഴി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി.
നേര്യമംഗലം
കാര്‍ഷിക മേഖലകളായ കവളങ്ങാട്, കുട്ടമ്പുഴ, കീരംപാറ (ഭാഗികം) പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നേര്യമംഗലം ഡിവിഷനില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ.കെ. ദാനിയും യുഡിഎഫ് സ്ഥാനാര്‍ഥിയായി എബി ഏബ്രഹാമും മത്സരിക്കുമ്പോള്‍, അഡ്വ. സൂരജ് ജോണ്‍ മലയിലാണ് എന്‍ഡിഎയ്ക്കായി പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. യുഡിഎഫിലെ സൗമ്യ ശശി 1073 വോട്ടുകള്‍ക്കാണു കഴിഞ്ഞ തവണ വിജയിച്ചത്.
എബി ഏബ്രഹാം (46) -യുഡിഎഫ്
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്നു. 36-ാം വയസില്‍ കവളങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, കോതമംഗലം ടൂറിസം സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസയോഗ്യത: എസ്എസ്എല്‍സി.
കെ.കെ. ദാനി (63) -എല്‍ഡിഎഫ് (സ്വത.)
കീരംപാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ദീര്‍ഘകാലമായി കീരംപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമാണ്. എംഎ കോളജ് അസോസിയേഷന് എക്സി.അംഗം, ജില്ലാ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ്, സെന്റ് സ്റ്റീഫന്‍സ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കര്‍ഷകനാണ്. വിദ്യാഭ്യാസ യോഗ്യത: ബിരുദം.
അഡ്വ. സൂരജ് ജോണ്‍ മലയില്‍ (45) -എന്‍ഡിഎ
സര്‍ക്കാര്‍ നോട്ടറിയാണ്. മൂവാറ്റുപുഴ ബാറില്‍ അഭിഭാഷകന്. ബിജെപി ലീഗല്‍ സെല്‍ അംഗവും നിയോജകമണ്ഡലം സെക്രട്ടറിയുമായും സേവനം ചെയ്യുന്നു. വിവിധ സ്ഥാപനങ്ങളുടെ നിയമോപദേശകനാണ്. വിദ്യാഭ്യാ യോഗ്യത: നിയമബിരുദം