ഗുവാഹത്തി:
മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ ഗൊഗോയ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഗുവാഹത്തി മെഡിക്കൽ കോളേജിൽ കൊവിഡാനന്തര പരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു.
1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായി. അതിന് ശേഷം നരസിംഹറാവുവിന്‍റെ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ, 2014-ൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ക്ലീൻ സ്വീപ്പ് അസമിലും കോൺഗ്രസിന്‍റെ അടി തെറ്റിച്ചു. സിറ്റിംഗ് സീറ്റുകളിൽ പലതും കോൺഗ്രസിന് നഷ്ടമായി. പരാജയത്തിന്‍റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത ഗൊഗോയ്, 2016-ൽ നിയമസഭാതിരഞ്ഞെടുപ്പിന് കോൺഗ്രസിന്‍റെ നേതൃത്വം വഹിക്കുന്നതിൽ നിന്ന് വിസമ്മതിച്ചു.
കോൺഗ്രസിന്‍റെ യുവനേതാവും കലിയബോർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ് തരുൺ ഗൊഗോയുടെ മക്കൾ. ഭാര്യ ഡോളി ഗൊഗോയ്.