കൊച്ചി:
കൊറോണക്കാലത്തെ ഇലക്ഷൻ പ്രചാരണത്തിന് പുത്തൻ വഴിയൊരുക്കി സ്റ്റാർട്ട്‌അപ്പ് കമ്പനികൾ. കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചില സ്റ്റാർട്ട്‌അപ്പുകൾ. അതിൽ എടുത്ത് പറയണ്ട പേര് തന്നെയാണ് ക്രീയേറ്റ് ഇഫ് ഡിജിറ്റൽ സൊല്യൂഷൻസ്. കൊച്ചിയിലെ ഈ സ്റ്റാർട്ട് അപ്പ് കമ്പനി പെരുമ്പാവൂരിൽ വല്ലം ജംഗ്ഷനിൽ ആണ് പ്രവർത്തിക്കുന്നത്. സൈബർ ലോകത്തെ പുത്തൻ സാങ്കേതിക വിദ്യകളുമായാണ് ഇവരുടെ വരവ്.
കൊറോണക്കാലത്തെ ഇലക്ഷനെ നേരിടാൻ നൂതന വഴികൾ തേടുകയാണ് ഈ ചെറുപ്പക്കാർ. സ്ഥാനാർത്ഥികൾക്കായി പ്രത്യേക പാക്കേജും ഇവർ ഒരുക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്ററുകൾ വീഡിയോകൾ, ഓട്ടോമാറ്റിക് വോയിസ് കോൾ, എസ്എംഎസുകൾ, സ്റ്റാറ്റസ് വീഡിയോകൾ, പാരഡി ഗാനങ്ങൾ തുടങ്ങിയവ തയ്യാറാക്കി വോട്ടർമാരിലെത്തിച്ചു തുടങ്ങിയിരിക്കുകയാണ്.
ഇന്ന് തൊണ്ണൂറു ശതമാനം ആളുകളും വാട്സ് ആപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരാണ്. അവരെ ആകർഷിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഇവർ ഉപയോഗിക്കുന്നത്. അതും തുച്ഛമായ ചിലവിൽ. ‘നാല് ഫ്ളക്സ് ബോർഡ് വെക്കുന്ന കാശുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ചൂടൻ പ്രചരണം നടത്താം.’ ക്രീയേറ്റ് ഇഫ് ഡിജിറ്റൽ സൊല്യൂഷൻസ് അംഗമായ മുഹമ്മദ് റാസിക് വോക്ക് മലയാളത്തോട് പറഞ്ഞു. ആൾക്കൂട്ട പ്രചരണങ്ങൾ കൊവിഡ് കാലത്ത് ഓഫ്‌ലൈൻ ആയാലും ഓൺലൈൻ പ്രചരണം ശക്തമാക്കാനുള്ള പോരാട്ടത്തിലാണ് രാഷ്ട്രീയപാർട്ടികളും.
ടെക് സഹായം
വെർച്വൽ പ്രചരണ റാലി, ഡിജിറ്റൽ പോസ്റ്ററുകളും ചുവരെഴുത്തും, സ്ഥാനാർത്ഥികൾക്ക് പ്രചാരണ വീഡിയോകൾ തുടങ്ങി സൈബറിടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് അങ്കത്തിന് അനുദിനം ചൂടേറുകയാണ്. പോസ്റ്ററുകളിൽ മുതൽ പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും പുതുമയുമായാണ് ഇക്കുറി പ്രചാരണം മുന്നേറുന്നത്.
ഫേസ്ബുക്കും, ട്വിറ്ററും, യുട്യൂബും, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലും തിരഞ്ഞെടുപ്പ് പോരാട്ടം തീപാറുകയാണ്. ചുവരെഴുത്തും പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമെല്ലാം പുതിയ രൂപം പ്രാപിച്ച് വോട്ടർമാരിലേക്ക് എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ വീടുകൾ തോറുമുള്ള പ്രചരണത്തിനേറ്റ മങ്ങൽ സോഷ്യൽമീഡിയയിലൂടെ പരിഹരിക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.
ഇക്കുറി അങ്കത്തട്ടായ വാട്സപ്പും, ഫേസ്ബുക്കിലുമെല്ലാം കൈകാര്യം ചെയ്യുന്നത് സൈബർ വിദഗ്ദ്ധരാണ്. ഇക്കൂട്ടരാണ് പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നതും. കൂടാതെ ഓരോ സ്ഥാനാർത്ഥികളുടെയും മുഖം ന്യൂസ് ഫീഡുകളിൽ നിറഞ്ഞു നിർത്തേണ്ട ചുമതലയും ഇവർക്കാണ്. ഒപ്പം ട്രോളന്മാർകൂടി എത്തുന്നതോടെ പ്രചരണമുഖം കൂടുതൽ ശക്തമാകുന്നു.
സ്ഥാനാർത്ഥികളുടെ ചിരിതൂകി നിൽക്കുന്ന പോസ്റ്ററുകളുടെ കാലം കഴിഞ്ഞെന്ന് ഓർമ്മിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ജനങ്ങളോട് കൂടുതൽ അടുത്ത് നിൽക്കുന്ന, ജനങ്ങളിൽ ഒരാളായി സ്ഥാനാർത്ഥി നിറഞ്ഞു നിൽക്കുന്ന പോസ്റ്ററുകളാണ് തിരഞ്ഞെടുപ്പിൽ വൈറലാവുന്നത് . സ്ഥാനാർത്ഥികളുടെ ദൈനംദിന ജീവിതവും ജോലിയും വരെ പ്രമേയമാവുന്ന പോസ്റ്ററുകളുണ്ട്.
ഇതുപോലെ തന്നെ മികച്ച രീതിയിൽ സംവിധാനം നിർവഹിച്ച വീഡിയോകളും പുഞ്ചിരിതൂകി കൈകൂപ്പി നിൽക്കുന്ന സ്ഥിരം സ്ഥാനാർത്ഥി ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. പുതുതലമുറയുടെ വോട്ടുകൾ ഉറപ്പാക്കുക എന്നതാണ് പുത്തൻ തന്ത്രങ്ങളുടെ പ്രാഥമിക ലക്ഷ്യം.
മാസ്ക് കണ്ടാൽ അറിയാം പാർട്ടി
വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്‌നം പ്രിന്റ് ചെയ്‌ത മാസ്‌ക്കുകൾക്ക് പ്രിയമേറുന്നു. മാസ്ക്കില്ലാതെ പ്രാചാരണത്തിനിറങ്ങാന്‍ അനുമതിയില്ലാത്തതിനാല്‍ മാസ്കിനെത്തന്നെ പ്രചാരണ വസ്തുവാക്കി മാറ്റിയിരിക്കുകയാണ് കൊവിഡ് കാലം. ഇതിനിടയിൽ രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്‌നം പ്രിന്റ് ചെയ്‌ത സാനിട്ടൈസറും ശ്രദ്ധേയമാകുന്നുണ്ട്.
വാട്സാപ് ഗ്രൂപ്പ് യുദ്ധം
കൊവിഡ് കാലത്തെ വോട്ട് അഭ്യർത്ഥനയ്ക്ക് ആൾക്കൂട്ടം തടസ്സമാകുമ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് സോഷ്യൽ മീഡിയ സംഘങ്ങൾ തന്നെയാണ്. ഒരു പോസ്റ്ററിന് നൂറ്, വീഡിയോക്ക് ആയിരം മുതൽ ആയിരത്തഞ്ഞൂറ് വരെ, 300 രൂപ നൽകിയാൽ നൂറ് പേർക്ക് വോയിസ് മെസേജുകൾ എന്നിവ വോട്ടർമാരിലേക്ക് എത്തിക്കുകയാണ് ഇവരുടെ പ്രവർത്തനം. പഞ്ചായത്ത് വാർഡുകളിൽ പ്രചാരണ തുക 25000 രൂപയിൽ കവിയരുതെന്ന് നിർദേശമുള്ളതിനാൽ സ്ഥാനാർത്ഥികൾക്കായി പ്രത്യേക സ്കീമുകളുമുണ്ട്.
കൂട്ടായ്മകളിൽ പൊറുതിമുട്ടി വോട്ടർമാർ
ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വാട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകൊണ്ടു കഷ്ടപ്പെടുന്നത് വോട്ടർമാരാണ്. പ്രതിദിനം വോട്ടർമാരെ ഉൾപ്പെടുത്തി നിരവധി ഗ്രൂപ്പുകളാണ് മുളപൊട്ടുന്നത്. നഗരസഭാ പരിധിയിൽ ഓരോ സ്ഥാനാർത്ഥികളെ വീതം സഹിച്ചാൽ മതി. ത്രിതല പഞ്ചായത്തിൽ ഒരു മുന്നണിയ്ക്ക് മൂന്നു സ്ഥാനാർത്ഥികൾ എന്ന തോതിൽ മത്സര രംഗത്തുള്ളൂ ഓരോരുത്തരുടെയും എണ്ണത്തിനനുസരിച്ച് ഗ്രൂപ്പുകളും കൂടും.