തിരുവനന്തപുരം:
കിഫ്ബിയുടെ മസാലബോണ്ടിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തുടങ്ങി. ആര്‍ബിഐയ്യില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആര്‍ബിഐക്ക് ഇഡി വിശദാംശം ആവശ്യപ്പെട്ട് കത്ത് നല്‍കി. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ നിജസ്ഥിതി അറിയാനാണ് ഇഡിയുടെ നീക്കം.
പ്രധാനമായും പരിശോധിക്കുക ഫെമ നിയമത്തിന്‍റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ്. സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബി വ്യാപകമായ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു. സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയും പരിശോധന നടത്തുന്നത്.
അതേസമയം, മസാലബോണ്ടിലെ ഇഡി അന്വേഷണത്തെ ധനമന്ത്രി തോമസ് ഐസക് എതിര്‍ത്തു. കേരളത്തില്‍ ബോധപൂര്‍വ്വം ഭരണഘടന സ്തംഭനം ഉണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇഡി നേരിട്ടിറങ്ങുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. സിഎജിയുടേത് നിഷ്കളങ്കമായ റിപ്പോര്‍ട്ട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുപമായി ഒത്തുകളിച്ച് ഇഡിയെ കൂട്ടുപിടിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്‍റേ ഭാഗത്ത് നിന്നെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി അവസാനിപ്പിച്ച് ഇതിനോട് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊരു അസാധാരണമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ്. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.youtube.com/watch?v=HWfQFqRFnwQ
കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സിഎജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സര്‍ക്കരും വ്യക്തമാക്കിയത്.
വിദേശ വിപണിയിലിറങ്ങി മസാലബോണ്ടുകള്‍ വിറ്റ് പണം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ ഇത് വിദേശ വിനിമയ നാണ്യ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന പരിശോധനയാണ് ഇപ്പോള്‍ ഇഡി നടത്തുന്നത്.
സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കിഫ്ബിയും മസാലബോണ്ടും വളരെ മുമ്പ് തന്നെ ഏറെ വിവാദത്തിലായിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ടുകള്‍ വില്‍ക്കുകയും 2150 കോടി രൂപയ്ക്ക് 9.723 ശതമാനം പലിശയ്ക്ക് വില്‍ക്കുകയും അത് വഴി സ്വരൂപിച്ച പണം വിവിധ പദ്ധതികള്‍ക്ക് കിഫ്ബി വഴി ചിലവാക്കുകയും ചെയ്തിരുന്നു.