Mon. Dec 23rd, 2024
placard thrown against Amit Shah at Chennai
ചെന്നൈ:

ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞു. പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടെയിൽ നിന്ന് ഷായ്‌ക്കെതിരെ പ്ലക്കാർഡ് എറിഞ്ഞത്. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു.

എംജിആറിന്‍റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്.

ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം. സ്റ്റാലിനുമായി അകന്ന് നിൽക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. സ്റ്റാലിൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാൽ, പുതിയ പാർട്ടി പ്രഖ്യാപിച്ച് എൻഡിഎയിൽ ചേരാനാണ് തീരുമാനം.

ഇതിന് മുന്നോടിയായി അളഗിരിയുടെ അടുത്ത അനുയായിയും മുൻ ഡിഎംകെ എംപിയുമായിരുന്ന കെപി രാമലിംഗം ബിജെപിയിൽ ചേർന്നു. അളഗിരിക്കൊപ്പമുള്ള മുഴുവൻ നേതാക്കളും ഡിഎംകെ വിടുമെന്ന് രാമലിംഗം അവകാശപ്പെട്ടു. എന്നാൽ അളഗിരിയുടെ വിമത നീക്കങ്ങൾ ഒന്നും ഡിഎംകെയെ ബാധിക്കില്ലെന്ന നിലപാടിലാണ് സ്റ്റാലിൻ.

By Arya MR