Thu. May 2nd, 2024
IAS Couples Tina Dabi and Athar Khan to seperate
ഡൽഹി:

ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച ഐഎഎസ് ദമ്പതിമാർ വിവാഹമോചിതരാകുന്നു. 2015ലെ സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ ഖാനുമാണ് രണ്ട് വർഷത്തെ കുടുംബജീവിതത്തിന് ശേഷം വേർപിരിയുന്നത്. ജയ്പുരിലെ കുടുംബകോടതിയിൽ ഉഭയ സമ്മതപ്രകാരം വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ് ഇരുവരും.

മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമിയിൽ വച്ചാണ് കശ്മീർ സ്വദേശി അതർ ഖാനും ടിന ദബിയും പ്രണയത്തിലാകുന്നത്‌. ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് യുവതിയാണ് ഭോപാൽ സ്വദേശിനി ടിന ദബി. ജാതിമത വേലിക്കെട്ടുകൾ ഭേദിച്ചുള്ള ഇവരുടെ വിവാഹം രാജ്യം അക്ഷരാർത്ഥത്തിൽ ആഘോഷിച്ചിരുന്നു. 2018ൽ ജയ്പുർ, പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്നു ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിച്ചിരുന്നു. അതേസമയം, വിവാഹത്തിൽ എതിർപ്പറിയിച്ച് ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു.

തുടക്കത്തിൽ ഇരുവരും രാജസ്ഥാൻ കേഡറിലായിരുന്നു നിയമിതരായിരുന്നത്. നിലവിൽ, സില പരിഷദിന്റ ശ്രീഗംഗാനഗർ സിഇഓ ആണ് ടിന ദബി.  സില പരിഷദിന്റ ജയ്‌പൂർ സിഇഓ ആണ് അതർ ഖാൻ.

By Arya MR