കണ്ണൂർ:
പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം ചെയ്തതുകൊണ്ടാണ് മതം മാറാൻ തീരുമാനിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയിൽ വെളിപ്പെടുത്തി കണ്ണൂർ പയ്യന്നൂർ സ്വദേശിനി ചിത്രലേഖ. പോപ്പുലർ ഫ്രണ്ട് നേതാക്കൾ രണ്ടു തവണ വീട്ടിലെത്തി ചർച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വീഡിയോയിൽ പറയുന്നു.
സിപിഎമ്മിൽ നിന്നുള്ള ആക്രമണവും പുലയ സ്ത്രീയായി ജനിച്ചതുകൊണ്ടുള്ള ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ദലിത് ഓട്ടോഡ്രൈവർ കൂടിയായ ചിത്രലേഖ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇരുപതു വർഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയെന്നും ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചനയെന്നും വ്യക്തമാക്കി.
എന്നാൽ സംഭവം അന്വേഷിച്ചെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് ഇന്റർവ്യൂവിന് ശേഷമുള്ള സംഭാഷണത്തിൽ സ്വകാര്യമായി വെളിപ്പെടുത്തിയ കാര്യങ്ങൾ രഹസ്യ ക്യാമറയിൽ പകർത്തുകയായിരുന്നു. ഇതിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയ പോപ്പുലർ ഫ്രണ്ട് കാട്ടാംപള്ളി ഏരിയ പ്രസിഡന് നവാസ് നായ്കും എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി നവാസ് ടികെയും ചിത്രലേഖയുമായി ചർച്ച നടത്തിട്ടില്ലെന്ന് മാധ്യമ സംഘത്തോട് പറഞ്ഞു. അതേസമയം ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാൽ പ്രാദേശികമായി സംരക്ഷണം നൽകുമെന്നും ഇവർ അറിയിച്ചു.