പോലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികൾ കേരളത്തിന്റെ വനിത പോലീസ് സേനയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം.
‘ആശ്ചര്യപ്പെടരുത്. ഇത് സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ് സേനയാണ്. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ’ എന്ന വിദ്വേഷം വഹിക്കുന്ന ഒരു അടിക്കുറിപ്പിനൊപ്പമാണ് ആർഎസ്എസ് അനുകൂലികൾ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഈ വ്യാജ അടിക്കുറിപ്പ് വിശ്വസിച്ച് നിരവധിപ്പേരാണ് കമന്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും.
വാസ്തവത്തിൽ ഈ ചിത്രം കാസർഗോഡ് ജില്ലയിലെ ഉളിയത്തടുക്ക അറബിക് കോളജിലെ ചിത്രമാണ്. ഇത് 2017ൽ എടുത്ത ചിത്രമാണ്. അന്നത്തെ ജില്ലാ പോലീസ് മേധാവി കെജി സൈമൺ കോളേജിൽ ഒരു പരിപാടിയ്ക്ക് പങ്കെടുക്കാൻ പോയപ്പോഴാണ് ഈ ചിത്രം പകർത്തിയത്. ചിത്രത്തിൽ കാണുന്ന പെൺകുട്ടികൾ ധരിച്ചിരിക്കുന്നത് ആ കോളേജിലെ യൂണിഫോമാണ്.
ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്ക് ടീമാണ് ഈ ചിത്രത്തിന്റെ വാസ്തവം പുറത്തുകൊണ്ടുവന്നത്. 2017 ൽ ഈ ചിത്രം പ്രചരിച്ചപ്പോൾ തന്നെ ഇതിന് പിറകെ ഒരുപാട് വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ പൊട്ടിപുറപ്പെട്ടിരുന്നു.
കേരള ലീഗൽ ഫോറത്തിന്റെ കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി ഷുക്കൂർ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് വിമർശനങ്ങളുമാണ് ഉയർന്നത്.
“ഈ ചിത്രം ചില സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്. ആ സന്ദേശം മനസിലാക്കാൻ കഴിഞ്ഞാൽ മാത്രമേ നാടിന് നന്മ ഉണ്ടാകൂ. ഈ ചിത്രത്തിൽ മുഖം ഉള്ളത് ജില്ല പോലീസ് മേധാവിയ്ക്ക് മാത്രമാണ് ,” എന്നാണ് ഷുക്കൂർ സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. പെൺകുട്ടികളെ മുഖം മറച്ച് നിർത്തിയിരിക്കുന്നതിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, ഇതിനെതിരെ അദ്ദേഹത്തെ സമൂഹമാധ്യമത്തിൽ മതവിശ്വാസികൾ കടന്നാക്രമിക്കുമായാണ് ഉണ്ടായത്. താൻ മതത്തെയോ, സ്ത്രീകളുടെ വസ്ത്രസ്വാതന്ത്രത്തെയോ വിമർശിക്കുകയല്ല, മറിച്ച് സാമൂഹികമായ ഒരു കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് വിശദീകരണം ഷുക്കൂർ നൽകിയിരുന്നു.
സ്ത്രീകൾ മുഖം മറച്ചു നടക്കുന്നതാണ് മതമെങ്കിൽ, എങ്ങനെയാണ് സ്ത്രീകൾ ഡോക്ടമാരും, എഞ്ചിനീർമാരും, വക്കീലും, ടീച്ചറുമൊക്കെ ആവുകയെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പിസി സുബൈദയും സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് വിധേയയായിരുന്നു, ഷുക്കൂറിന്റെ പോസ്റ്റിനെ പിന്തുണച്ചതിന്. താൻ ബുർഖയ്ക്ക് എതിരല്ല പക്ഷേ ഈ ചിത്രം നോക്കിയാൽ നമ്മൾ എന്തിലേക്കാണ് പോകുന്നതെന്ന് മനസിലാകുമെന്നാണ് സുബൈദ പ്രതികരിച്ചത്.