Wed. Jan 22nd, 2025
PK Kunhalikutty Support VK Ebrahimkunju

മലപ്പുറം:

മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന്  മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കു‍ഞ്ഞാലിക്കുട്ടി എംപി. ഇബ്രാഹിം കുഞ്ഞ്​ എംഎൽഎയുടെ അറസ്​റ്റ്​ രാഷ്​ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന്​ വലിയ നഷ്​ടമുണ്ടാക്കുമെന്നും മുസ്​ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി.

അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നതായി കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടത് മുന്നണി കൺവീനർ ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. അറസ്റ്റിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങൾ ചേർ‍ന്നുവെന്നും, നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഇപ്പോഴത്തെ അറസ്റ്റ് ആവശ്യമില്ലാത്ത കേസാണ്. സർക്കാരിന് നേരെയുള്ള മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി മാത്രമാണ്​ ലീഗ്​ എംഎൽഎമാർക്കെതിരെ വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്​റ്റുൾപ്പടെയുള്ള നടപടിയുമായി മുന്നോട്ട്​ പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

പൊതുമരാമത്ത്​ മന്ത്രിയെന്ന നിലയിൽ ഇബ്രാഹിംകുഞ്ഞ്​ പാലത്തിന്‍റെ തകർച്ചക്ക്​ ഉത്തരവാദിയല്ല. സാ​ങ്കേതിക തകരാറുണ്ടെങ്കിൽ അതിന്​ കാരണക്കാരായവരെയാണ്​ ശിക്ഷിക്കേണ്ടത്​. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്ത്​ ചേർന്ന നേതൃയോഗം തീരുമാനിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam