തിരുവനന്തപുരം:
കിഫ്ബിയിലെ അഴിമതിയെന്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവിന് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും ധനമന്ത്രി പറഞ്ഞു. സിഎജി അംസബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും, പ്രസക്തമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും ധനമന്ത്രി പറഞ്ഞു.
നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കരടു റിപ്പോർട്ടിന്റെ മറവിൽ സിഎജി അസംബന്ധം എഴുന്നെള്ളിച്ചാൽ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി. കിഫ്ബിയെ മറ്റൊരു ലാവ്ലിന്‍ ആക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനകാര്യ നിലനില്‍പ്പിന്റെ പ്രശ്‌നമാണിത്. 50000 കോടിയുടെ പദ്ധതികള്‍ ഭരണാനുമതി നല്‍കി. 30000 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാന സര്‍ക്കാരിനോട് ഒരിക്കല്‍ പോലും ഇത് ഭരണഘടനാനുസൃതമാണോ എന്ന് ചോദിക്കാതെയുള്ള ഒരു റിപ്പോര്‍ട്ട് സിഎജി അല്ല ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിച്ച് പോകാനാകില്ല. കരട് റിപ്പോര്‍ട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലപ്പെടുപ്പാണെന്നും തോമസ് ഐസക് പറഞ്ഞു.