Thu. Mar 28th, 2024
Ramesh Chennithala against Thomas Isaac

 

തിരുവനന്തപുരം:

സിഎജിയും കേന്ദ്ര ഏജൻസികളും സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നതായി ചെന്നിത്തല ആരോപിച്ചു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വച്ചിട്ടില്ലെന്നും ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ടിന്റെ കരട് പുറത്തു വിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചെന്നും ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകുമെന്നും വ്യക്തമാക്കി.

വികസന പദ്ധതികൾക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നുവെന്നും കിഫ്ബിക്കെതിരേ ബിജെപിക്കാർ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് ഹൈക്കോടതിയിൽ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam