പട്ന:
ബിഹാറിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ, അവകാശവാദം ഉന്നയിക്കില്ലെന്നും എൻഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിന്‍റെ നിലപാട്.
സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. പ്രധാനപ്പെട്ട എല്ലാ മന്ത്രിസ്ഥാനങ്ങളും ബിജെപി അവകാശപ്പെടാനാണ് സാധ്യത. എൻഡിഎ മുന്നണിയിൽ ഉള്ള ചെറു പാർട്ടികളായ ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും നാല് സീറ്റ് വീതം കിട്ടിയിരുന്നു.
തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചെങ്കിലും ജെ ഡി യു കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപി 74 സീറ്റ് നേടിയപ്പോൾ ജെഡിയുവിന് നാൽപ്പതോളം സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഈ സാഹചര്യത്തിൽ ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രി ആകുന്നതാണ് നല്ലതെന്ന അഭിപ്രായം പല കോണിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ, ബിജെപി കേന്ദ്ര നേതൃത്വം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകണമെന്ന നിലപാടിൽ ഉറച്ചുനിന്നു.
പക്ഷേ, നിതീഷ് കുമാർ ധാർമികപരമായ തീരുമാനമെടുക്കണമെന്ന് ബിജെപി ബിഹാർ സംസ്ഥാന നേതൃത്വം പറഞ്ഞു. എന്നാൽ, ഇതിനോടൊന്നും പ്രതികരിക്കാതിരുന്ന നിതീഷ് തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് ആദ്യ പ്രതികരണം നടത്തിയത്. എൻ ഡി എ തീരുമാനിക്കട്ടെ മുഖ്യമന്ത്രിയെ എന്നാണ് നിതീഷ് കുമാർ പ്രതികരിച്ചത്.