Wed. Apr 24th, 2024
Central Government start regulating OTT platforms and online media
ഡൽഹി:

ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആമസോണ്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും.

ഇതോടുകൂടി, ഓണ്‍ലൈന്‍ സിനിമകള്‍ക്കും  പരിപാടികള്‍ക്കും വൈകാതെ നിയന്ത്രണം വരും. ഇതുമായി  ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ ഐടി മന്ത്രാലയം നിയോഗിച്ചു.

ഓടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഒരു ഹർജ്ജി സമർപ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.  അന്ന്  ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍  ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി ഉത്തരവ് ഇറക്കിയത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍.

By Arya MR