Fri. Mar 29th, 2024
KERALAHIGHCOURT
കൊച്ചി:

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരേ വാര്‍ഡുകള്‍ തന്നെ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകളായി നിര്‍ണയിച്ചതിനെതിരേ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ച ശേഷം ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ്‌ നടപടി. 87 ഹര്‍ജികളാണ്‌ തള്ളിയത്‌.

തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ വാര്‍ഡ്‌ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്ന്‌ ഇലക്ഷന്‍ കമ്മിഷന്‍ വാദിച്ചു. കോടതി ഇടപെടല്‍ തിരഞ്ഞെടുപ്പ്‌ വൈകിപ്പിക്കാന്‍ ഇടയാക്കുമെന്നും അറിയിച്ചു. ഇതു പരിഗണിച്ചാണ്‌ ഹര്‍ജികള്‍ തള്ളിയത്‌.

മൂന്നാം തവണയും വാര്‍ഡ്‌ അധ്യക്ഷ പദവികള്‍ സംവരണ സീറ്റുകളാക്കിയതു ചോദ്യം ചെയ്‌ത്‌ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച്‌ 10 ഇടത്തെ സംവരണം കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇവിടങ്ങളില്‍ സംവരണക്രമം നിശ്ചയിക്കാനുള്ള പുനര്‍വിജ്ഞാപനം കമ്മിഷന്‍ പുറപ്പെടുവിച്ചു.

എന്നാല്‍ ഇനിയും വാര്‍ഡ്‌ പുനര്‍നിര്‍ണയം തിരഞ്ഞെടുപ്പു പ്രക്രിയകളെയാകെ മന്ദീഭവിപ്പിക്കുമെന്നാണ്‌ കമ്മിഷന്‍ അറിച്ചത്‌. സംവരണ സീറ്റുകളാക്കിയതിനെതിരേ 129 ഹര്‍ജികള്‍ കൂടി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയിട്ടുണ്ട്‌.