Thu. Mar 28th, 2024
kothamangalam marthoma church
കൊച്ചി:

ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന്‌ കോതമംഗലം മാര്‍ത്തോമ  ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ പ്രതിരോധത്തിന്‌ യാക്കോബായ സഭ. പള്ളി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ വിട്ടുകൊടുക്കില്ലെന്ന്‌ പള്ളി വികാരി. പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സാധ്യതയെത്തുടര്‍ന്ന്‌ വിശ്വാസികള്‍ രാത്രി മുതല്‍ പള്ളിയിലേക്കെത്തിയിരുന്നു.

പള്ളി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ വിശ്വാസികള്‍ തടയുമെന്നു പള്ളി വികാരി ഫാ. ജോസ്‌ പരത്തുവയലില്‍ പറഞ്ഞു. പതിനായിരം കുടുംബങ്ങളടങ്ങിയ ഇടവകാംഗങ്ങളും പൊതു സമൂഹവും തങ്ങളെ പിന്തുണയ്‌ക്കുന്നുണ്ട്‌. മറ്റു പള്ളികള്‍ ഏറ്റെടുത്തതു പോലെയാകില്ല സ്ഥിതിഗതികളെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സമാധാന ചര്‍ച്ച നടക്കുമ്പോഴും പള്ളി പിടിച്ചെടുക്കാനാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശ്രമമെന്ന്‌ വൈദികന്‍ പറഞ്ഞു.

നേരത്തേ പള്ളി വികാരിയുടെ നേതൃത്വത്തില്‍ പള്ളിയുടെ കുരിശുനടയില്‍ കെട്ടിയിടല്‍ പ്രതിഷേധം നടത്തി. പള്ളിയുടെ കവാടത്തിലും വിശ്വാസികള്‍ കിടന്നു പ്രതിഷേധിക്കുകയാണ്‌. പ്രതിഷേധത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണസമിതി വ്യാഴാഴ്‌ച കോതമംഗലം ടൗണില്‍ ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കി.

നേരത്തേ സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയ മുളന്തുരുത്തി പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി കുര്‍ബാന നടത്തിയതും ഇവരെ പ്രകോപിതരാക്കി. ജനകീയ പ്രതിരോധത്തിലൂടെ കോതമംഗലം പള്ളി പ്രതിരോധിക്കാനാണ്‌ പള്ളിയധികൃതരുടെ നീക്കം.

ചെറിയ മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു കൈമാറാന്‍ ഉത്തരവിട്ട്‌ ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാത്തതിനെതിരേ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്‌റ്ററെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പള്ളി ഏറ്റെടുക്കുന്നതില്‍ ക്രമാസാമാധാന പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നതടക്കമുള്ള സാധ്യത പരിശോധിച്ചു കൂടേയെന്നും കോടതി സര്‍ക്കാരിനോട്‌ ആരാഞ്ഞിരുന്നു.

സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്ന്‌ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതേ വരെ പോലിസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തു നിന്ന്‌ കാര്യമായ നീക്കങ്ങളുടെ ലക്ഷണങ്ങള്‍ കാണുന്നില്ല.