Mon. Dec 23rd, 2024
Nitish-Tejaswi
പട്‌ന:

നാടകീയമായി മാറിമറിയുന്ന ലീഡ്‌ നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി നേരിയ മുന്‍തൂക്കത്തോടെ അവസാന കുതിപ്പിലേക്ക്‌. വോട്ടെണ്ണല്‍ 85 ശതമാനം പിന്നിടുമ്പോള്‍ എന്‍ഡിഎ 126 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 110 സീറ്റുകളുമായി കോണ്‍ഗ്രസ്‌- ആര്‍ജെഡി സഖ്യത്തിന്റെ മഹാഗഡ്‌ ബന്ധന്‍ തൊട്ടു പിന്നിലുണ്ട്‌. മറ്റുള്ളവര്‍ ഏഴു സീറ്റിലും മുന്നേറുന്നു.

15 ശതമാനം വോട്ടുകള്‍ കൂടി എണ്ണാന്‍ ബാക്കിനില്‍ക്കെ, ഫലമറിഞ്ഞ 74 സീറ്റുകളില്‍ 22 സീറ്റുകളില്‍ വിജയിക്കുകയും 52 സീറ്റുകളില്‍ ലീഡ്‌ ചെയ്യുകയും ചെയ്യുന്ന ബിജെപിയാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കു പിന്നില്‍ 21 സീറ്റില്‍ വിജയിക്കുകയും 53 സീറ്റില്‍ ലീഡ്‌ നില കൈവരിക്കുകയും ചെയ്‌ത തേജസ്വി യാദവിന്റെ ആര്‍ജെഡി രണ്ടാമത്തെ വലിയ പാര്‍ട്ടിയായി.

മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പാര്‍ട്ടിയും എന്‍ഡിഎ സഖ്യകക്ഷിയുമായ ഐക്യജനതാദള്‍ 14 സീറ്റുകളില്‍ വിജയിക്കുകയും 31 സീറ്റുകളില്‍ മുന്നേറുകയും ചെയ്യുന്നു. എന്‍ഡിഎക്കെതിരേ രൂപീകരിച്ച മഹാസഖ്യത്തില്‍ പ്രധാന പങ്കാളിയായ കോണ്‍ഗ്രസിന്‌ ഏഴുസീറ്റിലേ വിജയിക്കാനായുള്ളൂ, 13 സീറ്റില്‍ ലീഡ്‌ ചെയ്യുന്നു. അതേ സമയം, മഹാസഖ്യത്തിലെ ഇടതുപാര്‍ട്ടികള്‍ മികച്ച നേട്ടമുണ്ടാക്കി.

സിപിഐ (എം-എല്‍) അഞ്ചു സീറ്റില്‍ വിജയിക്കുകയും ഏഴു സീറ്റില്‍ ലീഡ്‌ ചെയ്യുകയും ചെയ്‌തപ്പോള്‍ സിപിഎം ഒരു സീറ്റില്‍ വിജയിക്കുകയും ഒന്നില്‍ മുന്നേറുകയും ചെയ്യുന്നു. സിപിഐ ഒരു സീറ്റില്‍ ജയവും രണ്ടിടത്ത്‌ ലീഡും ചെയ്യുന്നു. എന്‍ഡിഎ സഖ്യത്തിലുള്ള വികാസ്‌ ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) രണ്ടു സീറ്റില്‍ ജയിച്ചു, രണ്ടു സീറ്റില്‍ മുന്നേറുന്നു.

എന്നാല്‍ സീമാഞ്ചല്‍ മേഖലയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ചു കൊണ്ട്‌ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) അഞ്ചിടത്ത്‌ വിജയത്തിലേക്ക്‌. ഫലമറിഞ്ഞ രണ്ടു സീറ്റില്‍ ജയവും മൂന്നു സീറ്റില്‍ ലീഡുമായാണ്‌ മുന്നേറ്റം.

മതേതര പാര്‍ട്ടികളുടെ ഭരണത്തിലേക്കുള്ള മുന്നേറ്റത്തില്‍ തടസം സൃഷ്ടിക്കാന്‍ ഉവൈസിക്കു കഴിഞ്ഞു. ഒരു കാലത്ത്‌ പിന്നാക്കക്കാരുടെ മിശിഹ ആയി അറിയപ്പെട്ടിരുന്ന കന്‍ഷിറാമിന്റെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയം സ്വതന്ത്രനൊപ്പം ഒരു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) പാര്‍ട്ടി ഒരു സീറ്റ്‌ വിജമുള്‍പ്പെടെ നാലിടത്തു ലീഡ്‌ ചെയ്യുന്നു.

അത്യന്തം നാടകീയമായി ലീഡ്‌ നില മാറി മറിയുന്നതിനിടെ ഒരുഘട്ടത്തില്‍ 12 സീറ്റുകളില്‍ മുന്നേറ്റം നടത്തിയ ചിരാഗ്‌ പസ്വാന്റെ ലോക്‌ ജന്‍ ശക്തി പാര്‍ട്ടി അവസാനമായപ്പോഴേക്കും ചിത്രത്തില്‍ നിന്ന്‌ മാഞ്ഞുപോയതും ബിഹാര്‍ ഇലക്ഷനിലെ കൗതുകമായി.

രാത്രി വൈകിയേ ഫലം പുറത്തുവിടാനാകൂവെന്നു സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫിസര്‍ എച്ച്‌ ആര്‍ ശ്രീനിവാസ് വ്യക്തമാക്കി. കൊവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ വോട്ടെണ്ണല്‍ മന്ദഗതിയിലായതും പോളിംഗ്‌ ബൂത്തുകള്‍ വര്‍ധിപ്പിച്ചതുമാണ്‌ കാരണം. 66 ശതമാനം ബൂത്തുകള്‍ കൂടുതലായി അനുവദിക്കേണ്ടി വന്നു. ഒരു ബൂത്തില്‍ ആയിരം പേരെ മാത്രമാണ്‌ വോട്ട്‌ ചെയ്യാന്‍ അനുവദിച്ചത്‌. അത്രയും ഇവിഎം മെഷീനുകള്‍ എണ്ണേണ്ടി വന്നു.