തിരുവനന്തപുരം:
വഞ്ചിയൂർ ട്രഷറിയിൽ നിന്ന് അക്കൗണ്ടൻ്റ് രണ്ടരക്കോടി തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നു സർക്കാർ. വിജിലൻസ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. തട്ടിപ്പ് നടത്തിയ എംആർ ബിജുലാലിനെ പിരിച്ചുവിട്ടെന്നും മേലുദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെന്നുമാണ് ധനവകുപ്പ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ വിശദീകരണം.
പൊലീസ് അന്വേഷണം പര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ധനവകുപ്പ് വിജിലൻസ് അന്വേഷണത്തെ എതിർത്തത്. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പൊലീസ് തന്നെ ആയിരുന്നു ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചയെ തുടർന്ന് പ്രതി ബിജുലാലിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
ട്രഷറി തട്ടിപ്പ് കേസിൽ പൊലീസ് കുറ്റപത്രം കൊടുക്കാത്തതിനാൽ ആയിരുന്നു ബിജുലാലിന് ജാമ്യം അനുവദിച്ചത്. ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നല്‍കിയിരുന്നില്ല.