വാഷിങ്ടണ്‍ ഡിസി:
ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ വെെസ് പ്രസിഡന്‍റാകുമ്പോള്‍ അതൊരു ചരിത്രം കൂടിയാവുകയാണ്. ഒരുപാട് ചരിത്ര നേട്ടങ്ങളാണ് ഈ പദവി വഹിക്കുമ്പോള്‍ കമലയ്ക്ക് സ്വന്തമാകുന്നത്. യുഎസ് വൈസ് പ്രസിഡന്‍റാവുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡ് നേട്ടം കമല സ്വന്തമാക്കുമ്പോള്‍ മറ്റ് സ്ത്രീകള്‍ക്ക് ഒരു പ്രചോദനം കൂടിയാവുകയാണിത്.
ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസിന്‍റെ പേരിലാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയും, അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയും 55 കാരിയായ കമല തന്നെ. ഇങ്ങനെ വെെസ് പ്രസിഡന്‍റ് പദവി എന്നതിലുപരി ആര്‍ക്കും ഇതുവരെ എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തിലാണ് കമലയുടെ സ്ഥാനം.
നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററായ കമല ഹാരിസിന്‍റെ ഈ നേട്ടം ഓരോ ഇന്ത്യക്കാര്‍ക്കും സന്തോഷം നല്‍കുന്നതാണ്. കമലയുടെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടിലെ ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പ്രമുഖ അര്‍ബുദ ക്യാൻസർ ഗവേഷകയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു ശ്യാമള. പിതാവ് സാമ്പത്തികശാസ്ത്രത്തില്‍ പ്രൊഫസറായ ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്.
1964 ഒക്ടോബര്‍ ഇരുപതിന് കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലാണ് കമലയുടെ ജനനം. 2016ൽ കാലിഫോർണിയയിൽ നിന്നുള്ള ആദ്യ കറുത്തവർഗക്കാരിയായ സെനറ്ററാണ് 55കാരിയായ കമല ഹാരിസ്. അമ്മയുടെ പിന്തുണയോടെ പൗരാവകാശ പ്രവർത്തനങ്ങളിലൂടെണ് കമല പൊതുപ്രവർത്തന മേഖലയിൽ എത്തുന്നത്. കാലിഫോർണിയയുടെ നിയമസംവിധാനത്തിലൂടെയാണ് ഉയർന്നുവന്നത്.
2004 -2011 വരെ സാന്‍ഫ്രാന്‍സിസ്കോ ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണ് രാഷ്ട്രീയ രംഗത്തേക്കുള്ള ആദ്യ ചുവട് വെയ്പ്പ് നടത്തുന്നത്. രണ്ട് തവണ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതൽ 2017 വരെ കാലിഫോർണിയയുടെ അറ്റോണി ജനറൽ സ്ഥാനം വഹിച്ചിട്ടുണ്ട്.