Fri. Apr 19th, 2024
V Abdurahman
കൊച്ചി:

ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തിന്  രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകരും സാംസ്‌കാരിക  സംഘടനകളും  രംഗത്ത്. സാമൂഹികമാധ്യമങ്ങളിലും എംഎൽ ക്കെതിരെ ശക്തമായ  പ്രതിഷേധം ഉയരുന്നുണ്ട്. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ആദിവാസി സമൂഹത്തിനെതിരായ പരാമര്‍ശം പ്രതിഷേധത്മകമാണെന്നാണ് അവരുന്നയിക്കുന്ന വിമര്‍ശനം.  

എംഎൽഎക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കേസെടുക്കണമെന്നും വിവേചനപരവും ആധുനിക സമൂഹത്തിന് ഒട്ടും നിരക്കാത്തതുമായ പ്രസ്തുത പരാമർശങ്ങൾ പിൻവലിച്ച് ആദിവാസി സമൂഹത്തോടും പൊതുസമൂഹത്തോടും നിരുപാധികം മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവിശ്യം .

മുസ്ലിം ലീഗ് എംഎല്‍എയായ സി മമ്മൂട്ടിയുടെ വികസനം സംബന്ധിച്ച വിമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് ആദിവാസി സമൂഹത്തെ രൂക്ഷമായി അപഹസിക്കുന്ന രീതിയിലുള്ള പ്രസ്താവന വി അബ്ദുറഹ്മാന്‍ നടത്തിയത്. തന്‍റെ നിയോജക മണ്ഡലമായ തിരൂരിനെ സംസ്ഥാന സര്‍ക്കാര്‍ വികസന വിഷയത്തില്‍ അവഗണിക്കുന്നുവെന്ന തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയുടെ വിമര്‍ശനത്തിനായിരുന്നു വിവാദ മറുപടി.

‘ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കേണ്ട. ഞങ്ങൾ തിരൂര് ജനിച്ച് വളർന്ന ആൾക്കാരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക, ഞങ്ങളെ പഠിപ്പിക്കാൻ നിൽക്കണ്ട.’എന്നായിരുന്നു കഴിഞ്ഞ ദിവസം താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇടത് സ്വതന്ത്ര എംഎല്‍എയുടെ വിവാദ പരാമര്‍ശം.