Tue. Apr 23rd, 2024
mc kamaruddin mla

കാസര്‍ഗോഡ്:

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിംലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു. കാസർകോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയാണ്.

വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകൾ 111 ആയി.

അതേസമയം, ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീന്‍ രണ്ടാം പ്രതിയാണ്. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യപങ്കാളിത്തമാണുള്ളത്.

ഇതിനിടെ, ഒളിവില്‍ പോയ പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയെന്നാണ് വിവരം.  പൂക്കോയ തങ്ങൾ മാത്രം പ്രതിയായി 3 വഞ്ചന കേസുകൾ കൂടി ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പേരിൽ നിന്നായി 19 ലക്ഷം നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

By Binsha Das

Digital Journalist at Woke Malayalam