വാഷിംഗ്‌ടണ്‍:
കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോകം. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റേത്. ആഗോളതാപനത്തിനെതിരായ പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറാന്‍ ട്രംപ് ഉന്നയിച്ചത് അമേരിക്കന്‍ തൊഴിലുകള്‍ കുറയ്‌ക്കാന്‍ അത് കാരണമാക്കുമെന്ന അവകാശവാദമാണ്.
കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്‌ക്കാനുള്ള ഉടമ്പടി യുഎസ് താത്‌പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു പ്രഖ്യാപിച്ച ട്രംപ് ഇതിനായി ഐക്യരാഷ്ട്രസംഘടനയ്‌ക്കു നല്‍കിയ ഫണ്ടുകള്‍ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതീക്ഷ പകരുന്നതായിരുന്നു ബൈഡന്റെ പ്രഖ്യാപനം.
പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറിയ നടപടി റദ്ദാക്കുമെന്നായിരുന്നു വിജയം ഉറപ്പിച്ച ശേഷമുള്ള ആദ്യ പ്രതികരണം. 77 ദിവസത്തിനകം പാരിസ് ഉടമ്പടിയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നാം നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടുവാനുള്ള ചട്ടക്കൂടാണ് ‘ഗ്രീന്‍ ന്യൂ ഡീല്‍’ എന്നാണ് ബൈഡന്റെ നിലപാട്. പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും പരസ്‌പരബന്ധിതമാണെന്ന അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടും ട്രംപില്‍ നിന്ന് വിരുദ്ധമാണ്.
2035ഓടെ അമേരിക്കയെ ഫോസില്‍ ഇന്ധനവിമുക്തമാക്കുകയും 2050 ആകുമ്പോള്‍ കാര്‍ബണ്‍ വിമുക്തമാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കുകയാണ് നിലപാടെന്നും അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു.