Fri. Nov 22nd, 2024
kodiyeri

തിരുവനന്തപുരം:

സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഒഴിയേണ്ടതില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌. ബംഗളുരു മയക്കു മരുന്നു കേസിലെ പണമിടപാടില്‍ മകന്‍ ബിനീഷ്‌ കോടിയേരിയുടെ കാര്യത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടെന്നുള്ള കോടിയേരിയുടെ വിശദീകരണത്തിനു ശേഷമാണ്‌ സെക്രട്ടേറിയറ്റ്‌ ഈ നിലപാടില്‍ എത്തിച്ചേര്‍ന്നത്‌.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ലക്ഷ്യമിട്ടു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നീക്കങ്ങളെ തുറന്നു കാണിക്കാന്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.

ബിനീഷിന്റെ കേസില്‍ റെയ്‌ഡുമായി ബന്ധപ്പെട്ട്‌ മനുഷ്യാവകാശ ലംഘനം നടന്നു. എന്നാല്‍ കേസില്‍ താന്‍ ഇടപെടില്ലെന്നു കോടിയേരി വിശദീകരിച്ചു. പാര്‍ട്ടിയും ഇടപെടേണ്ടതില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വ്യക്തി എന്ന നിലയില്‍ കേസ്‌ ബിനീഷ്‌ തന്നെ നോക്കട്ടെ. തെറ്റ്‌ ചെയ്‌തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേയെന്നാണ്‌ നിലപാട്‌.

സ്വര്‍ണക്കടത്ത്‌, ലൈഫ്‌ മിഷന്‍ പദ്ധതി കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇരട്ടത്താപ്പാണ്‌ സ്വീകരിക്കുന്നതെന്ന്‌ സെക്രട്ടേറിയറ്റ്‌ യോഗം വിലയിരുത്തി. സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുകയെന്നതാണ്‌ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്‌ വ്യക്തമായ ലക്ഷ്യത്തോടെയാണ്‌. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയുമാണ്‌ ലക്ഷ്യമിടുന്നത്‌. അതിനാല്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രചാരണം നടത്തും.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വിഷയത്തില്‍ സമരം നടത്താനും തീരുമാനിച്ചു. ഈ മാസം 16ന്‌ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ്‌ തീരുമാനം.