Sat. Apr 5th, 2025

കൊച്ചി:

സോളാർ ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ പി അനിൽകുമാറിനെതിരായ കേസിലാണ് കൊച്ചി മരടിലെ ഹോട്ടലിൽ കൊല്ലത്ത് നിന്നെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ ഹോട്ടലിൽവെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.

പരാതിക്കാരിയുടെ സാന്നിധ്യത്തിലാണ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയത്. യുഡിഎഫ് നേതാക്കള്‍ക്ക് എതിരായ സോളര്‍ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ക്രെെംബ്രാഞ്ചിന്‍റെ തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന.

പീഡന പരാതിയില്‍ 7 കേസുകളാണ് നിലവിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, എ പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായാണു കേസുകള്‍.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതുമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സോളാര്‍ കേസ് കുത്തിപ്പൊക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം.

By Binsha Das

Digital Journalist at Woke Malayalam