കോഴിക്കോട്:
വയനാട്ടിൽ ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം.പ്രതിഷേധം നടത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കാണമെന്ന് നേതാക്കള്‍ ആശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. പിന്നീട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെ വലിച്ചഴിച്ചാണ് പോലീസ് കൊണ്ടുപോയത്.
കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിനെ കൂടാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു രാജീവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പ്രവീൺകുമാർ, എൻ സുബ്രഹ്മണ്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അറസ്റ്റിന് തയ്യാറാകാതിരുന്ന നേതാക്കളെ വലിച്ചഴിച്ചാണ് പോലീസ് കൊണ്ടുപോയത്. തങ്ങൾ കുടുംബത്തെ കാണാനും മൃതദേഹം കാണാനും വന്നവരാണെന്നും അതിന് പോലും സമ്മതിക്കാത്തത് പലതും ഒളിച്ച് വെക്കാനാണെന്നും ടി സിദ്ദിഖ് ആരോപിച്ചു.
കോഴിക്കോട് എം പി എം കെ രാഘവനും സമരസ്ഥലത്തെത്തി. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സംഭവമാണ് നടക്കുന്നതെന്നും വ്യാജ ഏറ്റുമുട്ടലാണെന്നാണ് പോലീസ് നടപടികളിൽ നിന്നും വ്യക്തമാവുന്നതെന്നും എം കെ രാഘവനും ആരോപിച്ചു.