Fri. Jan 10th, 2025

മുംബെെ:

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ണബിന്‍റെ വീടിനുള്ളിലേക്ക് കടന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ പൊലീസ് വാനിലേക്ക് കയറാനും സഹകരിക്കാനും ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് അത് വിസമ്മതിക്കുകായിരുന്നു. തുടര്‍ന്ന് മറ്റ് വഴികളില്ലാതായപ്പോഴാണ് സോഫയിലിരിക്കുന്ന അര്‍ണബിനെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ക്രൂരമായി അര്‍ണബിനെ മര്‍ദ്ദിച്ചതായി ബന്ധുക്കളും റിപ്പബ്ലിക് ടിവിയും ആരോപിച്ചിരുന്നു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബും രാവിലെ ആരോപിച്ചിരുന്നു. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച അര്‍ണബിനെ ബലം പ്രയോഗിച്ച് വാനില്‍ കയറ്റുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അര്‍ണബിന് കൈമാറിയിട്ടില്ലയെന്നതും ഏറെ ശ്രദ്ധേയമാണ്. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ ഉള്‍പ്പെടെ പൊലീസ് തിരിച്ചയച്ചിരുന്നു. മൊബെെല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

 

 

By Binsha Das

Digital Journalist at Woke Malayalam