Fri. Nov 22nd, 2024

തിരുവനന്തപുരം:

സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ്‌ പുറത്തു വന്നിരിക്കുന്നത്‌. ബലാത്സംഗം മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാണ്‌. അത്‌ സ്‌ത്രീയുടെ കുറ്റമല്ല. മുല്ലപ്പള്ളിയില്‍ നിന്നുണ്ടായിരിക്കുന്നത്‌ അങ്ങേയറ്റം സ്‌ത്രീവിരുദ്ധതയാണ്‌.

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണം എന്ന രീതിയിലാണ്‌ മുല്ലപ്പള്ളി സംസാരിച്ചത്‌. സ്‌ത്രീകളെയാകെ അപമാനിക്കുന്ന പരാമര്‍ശമാണ്‌ മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്‌. സ്‌ത്രീസമൂഹത്തെക്കുറിച്ച്‌ എങ്ങനെയാണ്‌ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നതെന്നും ശൈലജ ചോദിച്ചു.

മനുഷ്യസമൂഹത്തിലെ ഏറ്റവും പൈശാചികവും നിന്ദ്യവുമായ കുറ്റകൃത്യമാണ്‌ ബലാത്സംഗം. സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും അനുവാദമില്ലാതെ  ശരീരത്തില്‍ സ്‌പര്‍ശിക്കുക, മാനസികമായി ആക്രമിക്കുക തുടങ്ങിയവയെല്ലാം അതീവ നീചമായ കുറ്റകൃത്യമാണ്‌. അതിന്‌ ഇരയാകുന്ന സ്‌ത്രീകളും പെണ്‍കുട്ടികളും ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണ്‌.

ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനും അക്രമിയെ ശിക്ഷിക്കാനുമാണ്‌ നാം ആഗ്രഹിക്കുക. എന്നാല്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുകയാണ്‌ വേണ്ടതെന്നും  അല്ലെങ്കില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറയുമ്പോള്‍ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌.

ബലാത്സംഗം ചെയ്യപ്പെടുന്നത്‌ സ്‌ത്രീകള്‍ ശ്രദ്ധിക്കാത്തതു കൊണ്ടല്ല, സമൂഹത്തിന്റെ പുരുഷാധിപത്യ മനോഭാവം കൊണ്ടാണ്‌. മഹാഭൂരിപക്ഷം സ്‌ത്രീകളും പുരുഷന്മാരും അതിനെ എതിര്‍ക്കുന്നവരാണ്‌. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പറയേണ്ട ഉന്നതരാഷ്ട്രീയ നേതൃത്വം തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ സമൂഹത്തിന്‌ എത്രത്തോളം അപകടം വിളിച്ചുവരുത്തുമെന്ന്‌ എല്ലാവരും ഓര്‍മിപ്പിക്കണം.

ഖേദം പ്രകടിപ്പിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ഇടയ്‌ക്കിടെ ഇത്തരം പരാമര്‍ശങ്ങള്‍ മുല്ലപ്പള്ളിയില്‍ നിന്നുണ്ടാകുന്നുവെന്നത്‌ അപലപനീയമാണ്‌. ആരുമിത്‌ ആവര്‍ത്തിക്കരുത്‌. ഇക്കാര്യത്തില്‍ എല്ലാവരും വസ്‌തുത മനസിലാക്കണം. ഇത്തരം കാര്യങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുകയും വേണമെന്നും മന്ത്രി പറഞ്ഞു.

ബലാത്സംഗത്തിനിരയായ സ്‌ത്രീകള്‍ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്‌താവന. നേരത്തേ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ നടത്തിയ പ്രസ്‌താവന അദ്ദേഹത്തിനെതിരേ ശക്തമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.