Fri. Apr 26th, 2024
panthamendhiya pennungal rotest against rising rape cases across india

 

വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ മൃഗീയമായി പീഡനത്തിനിരയാക്കിയ ശേഷം കൊല്ലപ്പെടുത്തിയതിൽ നീതി തേടി ആ കുഞ്ഞുങ്ങളുടെ അമ്മ ഒക്ടോബര്‍ 25 മുതൽ തുടങ്ങിയ സത്യാഗ്രഹ സമരം ഇന്നാണ് അവസാനിപ്പിച്ചത്. നീതി ഉറപ്പാക്കുമെന്നും കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സർക്കാർ ആ കുടുംബത്തിന് ഉറപ്പ് നൽകി. ഒരു വര്‍ഷം മുമ്പ്‌ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം നല്‍കിയ നിവേദനത്തിനുള്ള മറുപടിയാണ്‌ ഇന്ന് ലഭിച്ചത്‌. എന്നാൽ നീതി തേടിയുള്ള സമര മുഖങ്ങൾ വാളയാറിൽ അവസാനിക്കുന്നതല്ല.

ഇന്ത്യയിലൊട്ടാകെയുള്ള സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കും, ദളിത് ആദിവാസി മുസ്‌ലിം ലൈംഗിക ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ ലക്ഷം പ്രതിഷേധ ജ്വലകൾ ഉയർത്തുകയാണ് കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ തെരുവിലും തൊഴിലിടങ്ങളിലും ഓരോ വീടുകളിലും.

സ്വാഭിമാന ജ്വാല ഉയർത്തി ഒറ്റക്കെട്ടായി അവർ പറയുന്നു ‘ഇരയല്ലെനിമേൽ ഞങ്ങൾ, മൗനമല്ലിനി മറുപടികൾ, ചിതയിൽ നിന്ന് ജ്വലിച്ചുപൊങ്ങും പ്രതിഷേധത്തിന്റെ പന്തങ്ങളാണ്’. ഏതെങ്കിലും ഒരു സംഘടനയുടെയോ പാർട്ടിയുടേയോ പിന്തുണയോടെയല്ല ഈ പന്തങ്ങൾ നവംബർ 1 വൈകുന്നേരം ആറിന് ആളിക്കത്തുന്നത്. കേരളത്തിലൊട്ടാകെയുള്ള സ്ത്രീ സംഘടനകളും, ദളിത് ആദിവാസി മുസ്‌ലിം ന്യൂനപക്ഷ  സംഘടനകളും, വ്യക്തികളും ഈ പ്രതിഷേധത്തിൽ അണിചേരും.

സാമൂഹികപ്രവർത്തകരായ ദയ ബായ്, ഇറോം ശർമ്മിള, സാറ ജോസഫ്, കെ അജിത, കെ ആർ മീര, കെ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, റിമ കല്ലിങ്കൽ, കനി കുസൃതി, ആർ എൽ വി രാമകൃഷ്ണൻ എന്നിങ്ങനെ കലാ-സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേരാണ് ഈ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്.

‘ഇവിടില്ലെനിയൊരു ഹത്രാസ്, ഇനിയില്ലാ ഒരു കത്വ, ഇനിവേണ്ട പാലത്തതായി, വളയാറിലെ കുരുതികളും’. ഇനി ഒരു ലൈംഗിക അതിക്രമവും സ്ത്രീകൾക്കെതിരെ ഉണ്ടാകരുതേ എന്ന പ്രത്യാശയോടെയാണ് നാളെ ഓരോ പന്തങ്ങളും കത്തി ജ്വലിക്കുക. ആർക്കും അണിചേരാം സാമൂഹ്യനീതിക്കായുള്ള ഈ പോരാട്ടത്തിൽ.

‘ലക്ഷം പ്രതിഷേധ ജ്വാല’യുമായി ബന്ധപ്പെട്ട് സംഘാടകർ പുറത്തിയ ഗാനം:

 

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam