Thu. Apr 18th, 2024
പാലക്കാട്‌:

വാളയാറില്‍ നീതി തേടിയുള്ള ഇരകളുടെ അമ്മയുടെ സത്യഗ്രഹസമരം ഇന്ന്‌ അവസാനിപ്പിക്കാനിരിക്കെ കേസില്‍ നീതി ഉറപ്പാക്കുമെന്ന്‌ അറിയിച്ച്‌ സര്‍ക്കാര്‍ കത്ത്‌ നല്‍കി. ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറിയാണ്‌ കത്തയച്ചത്‌. കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന്‌ കത്തില്‍ ഉറപ്പ്‌ നല്‍കിയിരിക്കുന്നു.

കേസില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നു വ്യക്തമാക്കിയ കത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. ഒരു വര്‍ഷം മുമ്പ്‌ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം നല്‍കിയ നിവേദനത്തിനുള്ള മറുപടിയാണ്‌ നല്‍കിയിരിക്കുന്നത്‌.

എന്നാല്‍ ഒരു വര്‍ഷം മുമ്പ്‌ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌ പാലിച്ചു കാണിക്കട്ടെയെന്ന്‌ കുട്ടികളുടെ അമ്മ പ്രതികരിച്ചു. നീതി കിട്ടും വരെ സമരം തുടരും. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ തയാറായിട്ടില്ലെന്നാണ്‌ കുടുംബത്തിന്റെ വികാരമെന്നും അവര്‍ പറഞ്ഞു.

2017 ജനുവരി 13നാണ്‌ കേസിലെ ആദ്യ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. വാളയാറിലെ വീട്ടില്‍ 13 കാരിയായ ദളിത്‌ പെണ്‍കുട്ടി കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടത്‌. തുടര്‍ന്ന്‌ മാര്‍ച്ച്‌ നാലിന്‌ ഒമ്പതുവയസുകാരിയായ സഹോദരിയെയും ഇതേ നിലയില്‍ കണ്ടെത്തിയതോടെയാണ്‌ സംഭവം വിവാദമായത്‌.

മൂത്ത പെണ്‍കുട്ടി ബന്ധുവിന്റെ പീഡനത്തിന്‌ ഇരയായെന്ന്‌ പോലിസിനോട്‌ അമ്മ പറഞ്ഞിരുന്നെങ്കിലും തന്റെ വാക്കുകളല്ല എഫ്‌ഐആറില്‍ കുറിച്ചതെന്ന്‌ അവര്‍ ഈയിടെ വ്യക്തമാക്കി. കേസുമായി മുന്നോട്ട്‌ പോകുന്നതിനെതിരേ പെണ്‍കുട്ടികളുടെ സഹോദരനെതിരേ വധഭീഷണി ഉണ്ടായെന്നും കുടുംബം അറിയിച്ചിരുന്നു. കേസില്‍ ഏഴുപേരെ അറസ്റ്റ്‌ ചെയ്‌തെങ്കിലും കുറ്റം തെളിയിക്കാന്‍ പോലിസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ പ്രതികളെ കോടതി വെറുതെവിട്ടു.

കേസില്‍ വീഴ്‌ച വരുത്തിയത്‌ പ്രോസിക്യൂഷന്‍ ആണെന്ന്‌ മുഖ്യമന്ത്രി പ്രസ്‌താവിക്കുകയും പ്രോസിക്യൂട്ടറെ പുറത്താക്കുകയും ചെയ്‌തു. എന്നാല്‍ സര്‍ക്കാരിനെതിരേ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ നിശിതമായ വിമര്‍ശനവും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കേസ്‌ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ പോലിസ്‌ ഉദ്യോഗസ്ഥനു പ്രൊമോഷന്‍ നല്‍കിയ നടപടിയും വിവാദമായിരുന്നു.

ഈ സാഹചര്യത്തിലാണ്‌ ജസ്റ്റിസ്‌ ഫോര്‍ വാളയാര്‍ കിഡ്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25 മുതല്‍ വാളയാര്‍പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും സത്യഗ്രഹം തുടങ്ങിയത്‌. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ്‌ പുനരന്വേഷണം നടത്തണമെന്നാണ്‌ ആവശ്യം.

‘വിധിദിനം മുതല്‍ ചതിദിനം വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഏഴു ദിവസമായി നടത്തുന്ന സമരത്തിന്റെ അവസാനദിനത്തില്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും വിവിധ സ്‌ത്രീ- ദളിത്‌ സംഘടനാപ്രവര്‍ത്തകരും സമരവേദിയിലെത്തി. ഈ അവസരത്തിലാണ്‌ സര്‍ക്കാര്‍ കത്തയച്ചത്‌.