തിരുവനന്തപുരം:
ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ചയിൽ അച്ചടക്ക നടപടിയായി അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്ഐയെയും സ്ഥലം മാറ്റി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇടിച്ചുകയറാൻ ശ്രമിച്ചത്.
സുരക്ഷാ വീഴ്ചയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. രാത്രി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ്ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഒരു സംഘം പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ ധർണ്ണനടത്തുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് മറ്റൊരു സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
അപ്രതീക്ഷിച്ച നീക്കത്തിൽ പോലീസും അമ്പരന്ന് പോയിരുന്നു. ഏഴ് പേർ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ വീടിനടുത്ത് പ്രതിഷേധക്കാർ എത്തിയത് വൻ സുരക്ഷാ വീഴ്ചയാണ്. പ്രത്യേക സുരക്ഷാ മേഖലയിലാണ് വീഴ്ച ഉണ്ടായത്. പുതിയ സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.