കോട്ടയം:
“എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിച്ചു വരും എല്ലാവരും. പാലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ശെരിയാക്കി തരാമെന്നും പറയും. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ആരേയും ഇങ്ങോട്ട് കാണില്ല…ഈ പറച്ചിലു മാത്രമേ ഒള്ളു,” തുരുത്തു നിവാസി ആയ കമലാക്ഷി അമ്മയുടെ വാക്കുകളാണിത്. ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഒരു പാലം വേണം എന്നുള്ള ആവിശ്യത്തിന് ഈ അമ്മയുടെ ആയുസ്സിന്റെ ദൈർഘ്യമുണ്ട്.
മധ്യകേരളത്തിലെ കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തിലെ 15-ാം വാർഡിലാണ് കാട്ടിക്കുന്ന് തുരുത്ത് സ്ഥിതി ചെയ്യുന്നത്. വൈക്കം ആണ് തൊട്ടടുത്തുള്ള നഗരം. മൂവാറ്റുപുഴ ആറിന്റെ കൈവഴിയിലാണ് ഈ തുരുത്ത് നിലകൊള്ളുന്നത്. 300 ഏക്കറോളം വരുന്ന ഒരു ചെറിയ ഭൂപ്രദേശം. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന് പുറം ലോകത്തെത്താൻ ഒരു കടത്തുവള്ളം മാത്രമാണ് ഏക ആശ്രയം. ഈ തുരുത്തിൽ ആകെയുള്ള 110 കുടുംബങ്ങളിലായി 580 അംഗങ്ങൾ അതിൽ 330 വോട്ടർമാർ. കൂടാതെ തുരുത്തിലെ 70 വീടുകളും പട്ടികജാതി വിഭാഗത്തിന്റെതാണ്.
വോട്ടിനു വേണ്ടി വരുന്ന നേതാക്കളുടെ വാഗ്ദാനങ്ങള്‍ വാക്കുകളില്‍ മാത്രമായി ഒതുങ്ങിയതോടെ പാലമെന്നത് സ്വപ്നം മാത്രമായി മാറി എന്ന് തുരുത്തിലെ നിവാസികളുടെ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാവും . പാലം സ്വപ്നമായി അവശേഷിക്കുമ്പോളും അവർ തോറ്റുകൊടുക്കാൻ തയ്യാറല്ല. അതിജീവനത്തിന്റെ ആയിരം കഥകൾ ഈ തുരുത്തിലെ ജീവിതങ്ങൾ നമുക്ക് പറഞ്ഞു തരും .
ഉപജീവനം
മത്സ്യബന്ധനവും കക്കാവാരലുമാണ് തുരുത്ത് നിവാസികളുടെ പ്രധാന ഉപജീവന മാർഗ്ഗങ്ങൾ.ക്ഷീര കർഷകരുമുണ്ട് അവരിൽ.
പുലർച്ചെ 5 ന് തന്നെ തുരുത്തിലെ കടത്ത് ഉണരും. ആദ്യ യാത്രക്കാർ മത്സ്യത്തൊഴിലാളികളാണ്. യാത്ര സൗകര്യം ഇല്ലാത്തതിനാൽ കക്കയും മറ്റുമൽസ്യങ്ങളും തുരുത്തിന് വെളിയിൽ എത്തിച്ചാലെ കച്ചവടം നടക്കു.ഇങ്ങനെ കച്ചവടം നടത്തി കിട്ടുന്ന പണംകൊണ്ടാണ് തുരുത്തിലെ മിക്ക കുടുംബങ്ങളും കഴിയുന്നത്. വിവിധ പ്രദേശങ്ങളില്‍ ജോലിക്കു പോയതിനു ശേഷം രാത്രി എട്ടിന് മുന്‍പ് കടത്തുകടവില്‍ വന്നില്ലെങ്കില്‍ കടത്തുകടവില്‍ നിന്നും അക്കരെ എത്താന്‍ സ്വകാര്യ വള്ളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കാരണം രാത്രി 8 വരെ മാത്രമേ കടത്തുവള്ളമൊള്ളൂ.
വെള്ളത്തിനും വള്ളം കയറണം
“അപ്രതീഷിതമായി ആരെങ്കിലും വീട്ടിൽ വന്നാൽ അവർക്ക് ഒരു ചായ തിളപ്പിച്ച് കൊടുക്കാൻ തേയില വാങ്ങാൻ പോലും കടത്തു കടന്ന് അക്കരെ ചെല്ലണം. ഇതാണ് ഇവിടുത്തെ അവസ്ഥ” തുരുത്തു നിവാസി ഗിരിജ പറയുന്നു. തുരുത്തിൽ വെള്ളം വാങ്ങാൻ പോലും ഒരു കടയില്ല. പലപ്പോഴും കുടിവെള്ള പ്രശ്നവും പ്രദേശവാസികൾ നേരിടുന്നുണ്ട്. റേഷനും, മരുന്നും എന്തിന് ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങാനും മറുകര പറ്റണം. ഇലക്ഷന് വോട്ട് ചെയ്യാൻ പോലും മാറുകരയിലാണ് പോളിങ് ബൂത്ത്. കട മാത്രമല്ല പ്രാഥമീക ചികിത്സാകേന്ദ്രമോ ഗവണ്മെന്റ് സ്ഥാപനങ്ങളോ ഇവിടെ ഇല്ല. ആകെ ഉണ്ടായിരുന്നത് ഒരു നഴ്സറി സ്കൂൾ ആയിരുന്നു, 2015-ൽ അതും പൂട്ടി.
പാലമില്ലായ്മയിൽ പൊലിഞ്ഞ ജീവനുകൾ
വാഹനസൗകര്യമില്ലാത്തതിനാൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ നഷ്ടപ്പെട്ടത് 9 ജീവനുകളാണ്. അവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി പത്മജനാണ്. 22 വയസുള്ളപ്പോൾ ആണ് പത്മജന് പാമ്പ് കടി ഏൽക്കുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാലാണ് അദ്ദേഹം മരണത്തിന് കിഴടങ്ങിയത്. ഇയാളെ കൂടാതെ പരപ്പിൽ ചിന്നമ്മ, വലിയപറമ്പിൽ കുഞ്ഞമ്മ, പി സ് രാജൻ തുടങ്ങി ഒൻപതു പേരാണ് യാത്രാസൗകര്യം ഇല്ലാത്തതിനാൽ തുരുത്തിൽ മരിച്ചുവീണത്. ഇവരിൽ മിക്കവരുടെയും മരണം മീഡിയയും സമൂഹവും ഏറ്റടുത്തെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ജീവനുകൾക്കും വാർത്ത പ്രാധാന്യം നഷ്ട്ടപ്പെട്ടു.
വിദ്യാഭ്യാസം
നേഴ്സറി സ്കൂൾ മുതൽ പിജി വരെ പഠിക്കുന്ന ഏകദേശം എൺപതോളം കുട്ടികളാണ് ഇവിടെയുള്ളത്. തുരുത്തിന് അക്കരെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അവരുടെ എല്ലാം പഠനം. പാലം ഇല്ലാത്തതിനാൽ വളരെ അധികം ക്ലേശങ്ങൾ അനുഭവിച്ചാണ് അവരെല്ലാം പഠനം നടത്തുന്നത് .
എന്നാൽ ഈ കഷ്ടപാടുകളെല്ലാം തരണം ചെയ്ത് വൻ വിജയം കൊയ്യുന്ന ഒരുപാട് വിദ്യാർഥികളും ഇവിടെ ഉണ്ട്. അതിന് ഉദാഹരണമാണ് ഇത്തവണത്തെ എംജി യൂണിവേഴ്സിറ്റി എംഎസ്ഇ അക്വാകൾച്ചർ പരീക്ഷയിലെ രണ്ടാം റാങ്ക്കാരിയായ തുരുത്തിലെഹരിത എന്ന മിടുക്കി. ഇത് കൂടാതെ 7 സർക്കാർ ജീവനക്കാരും 3 കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരും ഈ തുരുത്തിൽ ഉണ്ട്. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത് ചൈനയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻപുറപ്പെട്ട മെഡിക്കൽ സംഘത്തിൽ കാട്ടിക്കുന്നിന്റെ സ്വന്തം ശരത് പ്രേമും ഉണ്ടായിരുന്നു. ഈ ദൗത്യത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് പ്രശംസയും ശരത്തിനു ലഭിച്ചിട്ടുണ്ട്. ഇവരൊക്ക തുരുത്തിന്റെ അതിജീവന കഥയിലെ പ്രധാന കഥാപാത്രങ്ങൾ ആണ് .
പാലത്തിനായുള്ള പോരാട്ടങ്ങൾ
“60 വർഷത്തോളമായി കേട്ടുകൊണ്ടിരിക്കുന്നത് മാറിമാറി വരുന്ന ഗവണ്‍മെന്‍റിന്‍റെ ഓഫറുകൾ മാത്രമാണ് . ഞങ്ങൾക്ക് അറിയേണ്ടത് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അല്ലാതെ വാഗ്ദാനങ്ങൾ അല്ല,” തുരുത്ത് നിവാസിയായ ചമയം ശശിയുടെ വാക്കുകളാണിത്. പാലത്തിനായുള്ള തുരുത്ത് നിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രദേശവാസികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയിരുന്നു. സാങ്കേതിക പഠനത്തിനായി ബ്ലോക്ക് പഞ്ചായത്ത് എല്‍ബിഎസിനെ നിയോഗിച്ചുവെങ്കിലും സര്‍വീസ് ചാര്‍ജ് കൊടുക്കാതിരുന്നതിനാല്‍ അവര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. തുടര്‍ന്ന് തുരുത്ത് നിവാസികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ചെമ്പ് പഞ്ചായത്ത് സര്‍വീസ് ചാര്‍ജായി പട്ടികജാതി ഫണ്ടില്‍ നിന്നും 3.14 ലക്ഷം രൂപ നല്‍കുകയും എല്‍ബിഎസിനെ നിയോഗിച്ചുവെങ്കിലും സര്‍വീസ് ചാര്‍ജ് കൊടുക്കാതിരുന്നതിനാല്‍ അവര്‍ റിപ്പോര്‍ട്ടും നല്‍കിയില്ല.
തുടര്‍ന്ന് തുരുത്ത് നിവാസികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ചെമ്പ് പഞ്ചായത്ത് സര്‍വീസ് ചാര്‍ജായി പട്ടികജാതി ഫണ്ടില്‍ നിന്നും 3.14 ലക്ഷം രൂപ നല്‍കുകയും എല്‍.ബി.എസ് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. എല്‍ബിഎസിന്റെ പ്ലാന്‍, എസ്റ്റിമേറ്റ് പ്രകാരം 3.60 കോടി രൂപയാണ് പാലം നിര്‍മാണത്തിന് ആവശ്യമായ തുക. പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മിക്കണമെങ്കില്‍ അപ്രോച്ച് റോഡിന് എട്ടുമീറ്റര്‍ വീതി വേണമെന്നത് ഇവിടുത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലായിരുന്നു. തുടർന്ന് 3.5 മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ മാത്രം വീതി ലഭിക്കുന്ന റോഡില്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി. പാലത്തിന്റെ ഇരുകരകളിലും ലഭിക്കേണ്ട അപ്രോച്ച് റോഡിന്റെ വീതി കൂടുതൽ ആവശ്യപ്പെട്ടതിനാൽ ഇത് ലഭ്യമാകുന്ന മുറയ്ക്ക് പാലം പണിതുടങ്ങാമെന്ന് റിപ്പോർട്ട് നൽകി. പിന്നീട് നടപടികളൊന്നുമായില്ല.
പിഡബ്ല്യുഡിയെ ഒഴിവാക്കി എൽബിഎസ്, കെഎൽഡിസി(കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ), എൽഎസ്ജിഡി തുടങ്ങി സർക്കാർ സ്ഥാപനങ്ങൾ പാലത്തിന്റെ പണി ഏറ്റെടുക്കണമെന്നാണ് തുരുത്ത് നിവാസികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് തുരുത്ത് നിവാസികൾ സുരേഷ് ഗോപി എംപിയെ സമീപിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിൽ പാലം നിർമിക്കാൻ ഫണ്ട് ആവശ്യപ്പെട്ട് സബ്മിഷൻ കൊടുത്തു. എന്നാൽ, ഗ്രാമവികസനമന്ത്രാലയം പിഎംജിഎസ്വൈ (പ്രധാനമന്ത്രി ഗ്രാം സഡക് യോജന) പ്രകാരം കാട്ടിക്കുന്ന് തുരുത്തിൽ പാലം നിർമിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിർദേശം കൊടുത്തു. പദ്ധതിച്ചെലവിന്റെ 60 ശതമാനമായ മൂന്ന് കോടി അനുവദിച്ചു. ബാക്കിയുള്ള 40 ശതമാനമായ രണ്ട് കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകാനാവില്ലെന്ന് എൽഎസ്ജിഡി അഡീഷണൽ സെക്രട്ടറി കത്തുനൽകി. ഇതോടെ വീണ്ടും പ്രതീക്ഷകൾ അസ്തമിച്ചു.
2019-ലെ ബജറ്റിൽ ഒൻപതുകോടി രൂപ ഇതിനായി അനുവദിച്ചു. അതിന്റെ 20 ശതമാനം തുകയായ 1.80 കോടി രൂപ സംസ്ഥാന പിഡബ്ല്യുഡിക്ക് കൈമാറി. എന്നാൽ, ഇതുവരെയും ഭരണാനുമതിയോ സാങ്കേതിക അനുമതിയോ ലഭിച്ചിട്ടില്ല. ആ അനുമതികൾ ലഭിക്കാൻ ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്നറിയില്ല.
വീടും വിവാഹവും
തുരുത്ത് നിവാസികൾക്ക് വീടുപണിയണമെങ്കിൽ നിരവധി കടമ്പകള്‍ തരണം ചെയ്തെ മതിയാകു. വീടുപണിക്കുള്ള സാധനസാമഗ്രികള്‍ വള്ളത്തിൽ വേണം തുരുത്തിൽ എത്തിക്കാൻ അതും വേലിയേറ്റവും വേലിയിറക്കവും ഒക്കെ നോക്കി. അതുംപോരാഞ്ഞിട്ട് വള്ളകൂലിയും ചുമട്ടുകൂലിയും അധികം നൽകണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുടെ പുറത്താകും ഈ വീടുകൾ ഒക്കെ അനുവദിക്കുന്നതെങ്കിലും നിർമാണത്തിനായി നല്ലൊരു തുക അധികം വേണ്ടിവരും.അതേസമയം തുരുത്തിൽ വിവാഹാലോചനകൾ പലതും മുടങ്ങാറാണ് പതിവ്. കാരണം യാത്രാസൗകര്യവും ഇല്ലാത്തത് തന്നെ.വിവാഹാലോചനയുമായി വരുന്ന പലരും ചോദിക്കുന്നത് ‘നിങ്ങൾ എങ്ങനെ ഇവിടെ ജീവിക്കുന്നു?’ എന്നാണ്, നാട്ടുകാരിൽ പലരും പറയുന്നു.
ഇന്ന് ഈ ജീവിതം അവർക്ക് ശീലമായി കഴിഞ്ഞു. പാലം പണി വിദൂര സ്വപ്നവും. അവരനുഭവിച്ച ദുരന്തങ്ങൾ അടുത്ത തലമുറക്ക് നേരിടേണ്ടിവരാതിരിക്കാൻ ആംബുലൻസിനു മാത്രം കടന്ന് പോകാൻ വിസ്‌തൃതി ഉള്ള ഒരു പാലം മാത്രമാണ് അവരുടെ ആവശ്യം. വർഷങ്ങൾക്ക് മുൻപ് ഒരു വഴി വന്നതല്ലാതെ കാര്യമായ വികസനം ഒന്നും എത്താത്ത ഈ നാട്ടിൽ പാലത്തിനായി അവർ മുട്ടാത്ത വാതിലുകൾ ഇല്ല. ഇതിനൊരുപരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും പോരാട്ടങ്ങൾക്ക് തയ്യാറാണെന്നാണ് ഇവിടത്തുകാർ പറയുന്നത്.