Fri. Mar 29th, 2024

ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പേള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് രണ്ട് പേരുകളാണ് ഒന്ന് ഫുട്ബോള്‍ മാന്ത്രികന്‍ പെലെ രണ്ടാമത്തേത് സാക്ഷാല്‍ ഡീഗോ മറഡോണ. ഫുട്ബോളിനെ പ്രണയിക്കുന്ന ഏതൊരു കൊച്ചുകുട്ടിയുടെ മന്നസിലും കൗതുകമുണര്‍ത്തുന്നതും ആവേശം പകരുന്നതുമായ രണ്ട് പേരുകള്‍. ‘ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മാറഡോണ ദൈവമാണെന്നാണ് ഐഎം വിജയന്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്’. ഫുട്ബോള്‍ മാന്ത്രികന്‍ പെലെയുടെ 80-ാമത്തെ പിറന്നാള്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആരാധകര്‍ ആഘോഷിച്ചതെങ്കില്‍ ഈ വെള്ളിയാഴ്ച അതായത് ഒക്ടോബര്‍ 30ന് ആരാധകര്‍ ആഘോഷിക്കുന്നത് ഫുട്ബോളിന്‍റെ ഉന്‍മാദം ഡീഗോ മറഡോണയുടെ 60-ാമത്തെ ജന്മദിനമാണ്.

അര്‍ജന്‍റീനയെ ഇന്നു കാണുന്ന ഒരു ശക്തമായ ടീമായി മാറ്റിയതിന് പിന്നില്‍ മറഡോണയാണ്. അതുകൊണ്ട് തന്നെയാണ് അര്‍ജന്‍റീനിയന്‍ ടീമിന്‍റെ ഒരേയൊരു രാജാവായി ഡീഗോയെ വാഴ്ത്തുന്നത്. പുതുതലമുറയിലെ മെസ്സി ആരാധകരുടെ പോലും തലതൊട്ടപ്പന്‍ ഡീഗോ മറഡോണയാണ് എന്ന് പറയുന്നതില്‍ ഒട്ടും ശങ്കവേണ്ട.

അര്‍ജന്‍റീനയിലെ ലാനസില്‍ 1960ല്‍ ഒരു കുടിലിലാണ് ഡീഗോ ജനിച്ചത്. പെലെയും മറഡോണയും ഒരു നാണയത്തിലെ ഇരു വശങ്ങളാണ്. രണ്ടുപേരും ദാരിദ്ര്യത്തേട് പൊരുതിയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായി മാറിയത്.

1976-ല്‍ അര്‍ജന്റീനോസ് ജൂനിയേഴ്സിനായി അരങ്ങേറ്റം കുറിച്ച് ഡീഗോ തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീന ദേശീയ ടീമിനായി 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ടീമില്‍ ഇടം നേടിയ മറഡോണ തൊടട്ടുത്ത വര്‍ഷം തന്നെ കളിക്കളത്തില്‍ എതിരാളികളില്ലാത്ത കളിക്കാരനായി മാറിയിരുന്നു. ഒരര്‍ത്ഥത്തില്‍ ഫുട്ബോള്‍ ലോകത്തെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ആ സമയങ്ങളില്‍ ഡീഗോ.

ലോകഫുട്‌ബോളിലെ ഏറ്റവും മനോഹരമായൊരു ഗോൾ നേടാൻ ഭാഗ്യമുണ്ടായതും മറഡോണയ്ക്ക് തന്നെയായിരുന്നു. 1986ലെ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ ഡീഗോ കിരീടമേറ്റുവാങ്ങിയ നിമിഷത്തെ ഒര്‍ത്തെടുക്കുമ്പോള്‍ ‘ദെെവത്തിന്‍റെ കെെയ്യൊപ്പ്’ പതിഞ്ഞ എന്ന് വിശേഷിപ്പിക്കുന്ന ഒരേസമയം വിവാദമായ രസകരമായ ഗോളും ഓര്‍ത്തെടുക്കണം. ആ മത്സരത്തില്‍ ആദ്യം പിറന്ന ഈ ഗോളിന്‍റെ വിവാദം മായ്ച്ച് കളയുന്നതായിരുന്നു രണ്ടാമത്തെ ഗോള്‍. നൂറ്റാണ്ടിന്‍റെ ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോള്‍പിറന്നതും ഡീഗോയുടെ ബൂട്ടില്‍ നിന്ന് തന്നെ.

ആദ്യ ഗോളിന്റെ പാപഭാരങ്ങളെല്ലാം കഴുകികളയുന്നതായിരുന്നു രണ്ടാമത്തെ ഗോള്‍. ആദ്യഗോൾ പിറന്ന് നാലുമിനിട്ടിനകം സ്വന്തം ഹാഫിൽ നിന്ന് കിട്ടിയ പന്തുമായി മൈതാനത്തിന്റെ പാതിയിലേറെ ഒറ്റയാള്‍ പോരാട്ടം നടത്തിയ മറഡോണ അഞ്ച് ഡിഫൻഡർമാരെ വെട്ടിച്ചാണ് ഗോളടിച്ചത്. ചരിത്രത്തിലേക്കുള്ള ഈ  വലകുലുക്കലില്‍ 11 ടച്ചുകളാണ് ഡീഗോ പന്തില്‍ നടത്തിയത്. 2002ൽ ഫിഫ നടത്തിയ വോട്ടെടുപ്പിൽ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഗോളായിരുന്നു. ഈ മനോഹര ഗോളിന്‍റെ സ്മരണയ്ക്ക് പിറ്റേ ദിവസം തന്നെ അസ്ടെക്ക് സ്റ്റേഡിയത്തില്‍ സ്‌മരണിക ഫലകവും സ്‌ഥാപിക്കപ്പെട്ടിരുന്നു. ഇതും ഒരു ചരിത്രം തന്നെ.

പത്താം നമ്പര്‍ ജേഴ്സിയെ ലോകപ്രശസ്തമാക്കിയ മറഡോണ ക്ലബ്ബ് കരിയറില്‍ ബൊക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നേവല്‍സ് ഓള്‍ഡ് ബോയ്സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. ഈ ടീമുകളിലൊക്കെ പത്താം നമ്പർ മറഡോണയുടെ സ്വന്തമായിരുന്നു. ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ പത്താം നമ്പർ അണിയുന്നതും ആരാധകര്‍ 10-ാം നമ്പറിനെ വികാരമാക്കിയതും  മറഡോണയ്ക്ക് ശേഷമാണ്.

മലയാളികളുടെ ‘ഡീഗോ പ്രണയം’ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ എത്തിയപ്പോള്‍ നമ്മള്‍ കണ്ടതാണ്. 2012ലായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. കളിയെന്നതിലുപരി ഫുട്ബോള്‍ ലഹരിയായി കൊണ്ടുനടക്കുന്ന മലബാറിന്‍റെ മണ്ണിലേക്കായിരുന്നു ഫുട്ബോളിലെ സമാനതകളില്ലാത്ത ചക്രവര്‍ത്തി കാല്‍കുത്തിയത്. 2012 ഒക്ടോബര്‍ 24ന് കണ്ണൂരിലെത്തിയ ഡീഗോയെ കാണാന്‍ പതിനായിരകണക്കിന് പേരാണ് ഇവിടെ ഒഴുകിയെത്തിയത്. ബേബി ചെമ്മണ്ണൂര്‍ ഗ്രൂപ്പാണ് കേരളത്തില്‍ മറഡോണയെ എത്തിച്ചതെങ്കിലും അന്ന് കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയും ആരാധകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.

കളിക്കളത്തിന് പുറത്ത് മറ്റൊരു ജീവിതമായിരുന്നു ഡീഗോയുടേത്. നേട്ടങ്ങളില്‍ അഭിരമിക്കുമ്പോഴും ആരാധകര്‍ അമ്പരന്ന ഒരു നിമിഷം ഡീഗോയുടെ ഫുട്ബോള്‍ കരിയറില്‍ ഉണ്ടായിരുന്നു. 1994 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ച് മറഡോണ തലകുനിച്ച് പോകുമ്പോള്‍ അത് ആരാധകരുടെ ഉള്ളില്‍ വിങ്ങലായിരുന്നു.  പിന്നീട് മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും പിടിയിലകപ്പെട്ട് അദ്ദേഹം കുറെനാള്‍ ആശുപത്രികിടക്കിയിലായിരുന്നു. തുടര്‍ന്ന് 2010 ലോകകപ്പില്‍ മറ്റൊരു ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ  നേതൃത്വത്തിലിറങ്ങിയ അർജന്റീനയു‌ടെ പരിശീലകന്‍റെ വേഷത്തില്‍ തിരിച്ചെത്തി. ഒട്ടേറെ കളിക്കാരെ വാര്‍ത്തെടുക്കാന്‍ പരിശീലകനായും ആരാധകരുടെ ആവേശമായും മറഡോണ ലോകഫുട്ബോളില്‍ സജീവമാണ്.

ലോകമെമ്പാടുമുള്ള ആരാധകര്‍ ഫുട്ബോള്‍ രാജാവിന്‍റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഡീഗോ അര്‍മാന്‍ഡോ മറഡോണ ഏകാന്തതയില്‍ തന്‍റെ ചരിത്ര നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. മികച്ച കായികശേഷിയും അപാരമായ ഡ്രിബ്ലിംഗ് മികവുമുള്ള ഡീഗോ ഇപ്പോള്‍ അർജന്‍റീനിയന്‍ ക്ലബ് ജിംനേഷ്യ എസ്ഗ്രിമ ലാ പ്ളാറ്റയുടെ പരിശീലകനാണ്. ടീമിലെ കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയനായ മറഡോണ ഹൃദയസംബന്ധമായ അസുഖമുള്ള വ്യക്തി കൂടിയാണ്. ഇരുപതുവര്‍ഷത്തിനിടയില്‍ രണ്ട് തവണ ഹൃദയാഘാതവും വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ജന്മദിനത്തില്‍ ഡീഗോ എന്ന ഫുട്ബോളിലെ മുടിചൂടാമന്നന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായ് ഫുട്ബോള്‍ പ്രേമികള്‍ പ്രാര്‍ത്ഥനയിലാണ്.

 

By Binsha Das

Digital Journalist at Woke Malayalam