Wed. Jul 24th, 2024
puthuvyppe LNG terminal

കൊച്ചി:

കേരളത്തിലെ നിലനില്‍പ്പിനായുള്ള സമരങ്ങളില്‍ ഏറ്റവും കരുത്താര്‍ജ്ജിച്ച ഒന്നാണ്‌ കൊച്ചി നഗരത്തിനോട്‌ ചേര്‍ന്നു കിടക്കുന്ന വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ വിരുദ്ധ സമരം. പൊതുവെ സംസ്ഥാനത്ത്‌ കണ്ടു വരുന്ന ജനകീയസമരങ്ങളെപ്പോലെ അതിജീവനത്തിനോ ഉപജീവനത്തിനോ എന്നതില്‍ നിന്നു വ്യത്യസ്‌തമായി അക്ഷരാര്‍ത്ഥത്തില്‍ ജീവനു വേണ്ടിയാണ്‌ ഈ സമരം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലിക്വിഫൈഡ്‌ പെട്രോളിയം ഗ്യാസ്‌ ഇറക്കുമതി ടെര്‍മിനല്‍ ജീവനും സ്വത്തിനും സൃഷ്ടിക്കുന്ന ഭീഷണിക്കെതിരേയാണ്‌ തീരദേശജനത മൂന്നു വര്‍ഷത്തിലേറെയായി സമരമുഖത്തുള്ളത്‌. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു കമ്പനിക്കു വേണ്ടി ജനങ്ങളെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കു തള്ളി വിട്ടിരിക്കുന്നതാണ്‌ പുതുവൈപ്പിനിലെ പ്രത്യേകത.

പെട്രൊനെറ്റ്‌ എല്‍എന്‍ജി ടാങ്ക്,‌ പുതുവൈപ്പ്‌

പാചകവാതകസംഭരണിയില്‍ ചോര്‍ച്ചയുണ്ടാകുകയാണെങ്കില്‍ 52 ചതുരശ്രകിലോമീറ്ററില്‍ വാതകം വ്യാപിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വൈപ്പിന്‍ കരയെ മാത്രമല്ല, അടുത്ത പ്രദേശങ്ങളായ ഫോര്‍ട്ട്‌ കൊച്ചിയെയും വല്ലാര്‍പാടത്തെയും അപകടത്തിലാക്കും. ഇത്തരം വന്‍കിട പദ്ധതികള്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്ന്‌ 30 മീറ്റര്‍ അകലെയാകണമെന്ന നിയമവും ലംഘിച്ചു. ഏറ്റവും ജനസാന്ദ്രതയുള്ള ഈ പ്രദേശം കോര്‍പ്പറേഷനോട്‌ ചേര്‍ന്നാണെന്ന്‌ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയസമരസമിതി ചൂണ്ടിക്കാട്ടുന്നു.

സമരത്തില്‍ നിന്ന്‌ ഒരിക്കലും പിന്നോട്ടു പോയിട്ടില്ലെന്ന്‌ കണ്‍വീനര്‍ കെ എസ്‌ മുരളി പറയുന്നു. ”പുതുവൈപ്പ്‌ ഐഒസി പ്ലാന്റിനെതിരായ സമരം ശക്തമായി തുടരുകയാണ്‌. ഈ ജീവന്മരണപ്പോരാട്ടം ഒരു ഘട്ടത്തിലും പിന്നോട്ടടിപ്പിക്കാന്‍ പറ്റില്ല. ഏതെങ്കിലും ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി അവസാനിപ്പിക്കാവുന്ന പ്രശ്‌നമല്ല ഇത്‌. തങ്ങള്‍ ചോദിച്ച കാതലായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരാന്‍ ഐഒസിക്കോ ഇതു വരെ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. യഥാസമയത്ത്‌ കൃത്യമായ പ്രതിഷേധമാര്‍ഗങ്ങള്‍ ഉയര്‍ത്തും”

കോവിഡ്‌ കാലത്തും സമരപ്രചാരണ പരിപാടികളുമായി സമിതി സജീവമാണ്‌. എന്നാല്‍ കൊവിഡ്‌ പ്രോട്ടോക്കാള്‍ പാലിക്കേണ്ട വന്നതിനാല്‍ ആളുകളെ കൂട്ടമായി സംഘടിപ്പിക്കാനില്ല. ഇത്‌ മുതലാക്കിയാണ്‌ ഐഒസി ചില നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്‌. ഇതിനെതിരേ ശ്രദ്ധയാകര്‍ഷിച്ച്‌ ഓഗസ്‌റ്റ്‌ 15നും കേരളപ്പിറവി ദിനത്തിലും നടത്തിയ പ്രതിഷേധങ്ങളില്‍ നിശ്ചയിച്ചതിലും കൂടുതല്‍ പേര്‍ പിന്തുണയുമായി വന്നതു തന്നെ തങ്ങള്‍ക്ക്‌ ആത്മവിശ്വാസമേകുന്നതായും അദ്ദേഹം പറഞ്ഞു.

പുതുവൈപ്പ്‌ നിവാസികളുടെ ആശങ്കയെക്കുറിച്ച്‌ അധികൃതര്‍ തികച്ചും നിരുത്തരവാദപരമായാണ്‌ പ്രതികരിക്കുന്നത്‌. ഐഒസി പദ്ധതിയുടെ കുഴല്‍ ഭൂമിക്കടിയിലൂടെയാണു പോകുന്നതെന്നാണ്‌ ഐഒസി നേതാക്കളുടെ വാദമെങ്കിലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കില്ലെന്ന്‌ ഇതിനോടകം വ്യക്തമായ സ്ഥിതിക്ക്‌ എങ്ങനെ വിശ്വസിക്കുമെന്ന്‌ അവര്‍ ആശങ്കപ്പെടുന്നു.

കെ എസ്‌ മുരളി, കണ്‍വീനര്‍, പുതുവൈപ്പ്‌ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയസമരസമിതി

അപകടമുണ്ടായാല്‍ 10 മിനുറ്റിനകം രക്ഷപെടാനാണ്‌ ജീവനക്കാര്‍ക്കു നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശമത്രെ. അങ്ങനെയെങ്കില്‍ അപകടസമയത്ത്‌ ഇതിനു ചുറ്റും ജീവിക്കുന്ന ജനങ്ങളുടെ രക്ഷ ആരേല്‍ക്കുമെന്ന്‌ മുരളി ചോദിക്കുന്നു. വ്യവസായമന്ത്രി ഇ പി ജയരാജനോട്‌ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും ചിന്തിക്കേണ്ട കാര്യമില്ല, ദൈവാധീനം കൊണ്ട്‌ അത്തരം അപകടമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്നാണു പറഞ്ഞത്‌.

വായുവിനെ വിഷമയമാക്കുന്ന വാതകഘടകങ്ങളും രാസവസ്‌തുക്കളും പദ്ധതിയില്‍ സംഭരിക്കുകയും കൈകാര്യം ചെയ്യേണ്ടിയും വരും. പ്ലാന്റ്‌ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദിനം പ്രതി 500 കണ്ടെയ്‌നറുകള്‍ ദിനംപ്രതി ഇവിടെ വന്നു പോകും. പ്രൊപ്പെയ്‌ന്‍, ബൂട്ടെയ്‌ന്‍ എന്നീ രാസവസ്‌തുക്കള്‍ ടാങ്കറുകളില്‍ നിറയ്‌ക്കുമ്പോള്‍ ചോരുന്നത്‌ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു.

പന്ത്രണ്ട്‌ മണിക്കൂര്‍ വരെ ടാങ്കറിലേക്ക്‌ എല്‍പിജി നിറയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന വാതകച്ചോര്‍ച്ച അന്തരീക്ഷത്തില്‍ വ്യാപിച്ച്‌ സ്‌ഫോടനസാധ്യത ഉയരുന്നു. തീരപ്രദേശത്തെ കാറ്റിന്റെ ഗതി പ്രവചനാതീതമായതിനാല്‍ അഗ്നിബാധയുണ്ടായാല്‍ എവിടത്തോളം ആളിക്കത്തുമെന്ന്‌ പറയാനാകില്ല. എന്തെങ്കിലും അപകടസാധ്യത ഉണ്ടെങ്കില്‍ത്തന്നെ പ്രദേശത്തെ വൈദ്യുതി ഓഫ്‌ ചെയ്യുകയും തീപ്പെട്ടി പോലും ഉരയ്‌ക്കാന്‍ പറ്റാതെ ഇരുട്ടിലാകുകയും ചെയ്യും.

പുതുവൈപ്പ്‌ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയസമരസമിതിയുടെ പ്രക്ഷോഭം

തുടക്കം മുതല്‍ ജനകീയസമരസമിതി ഉന്നയിച്ച പ്രശ്‌നങ്ങളെ കൃത്യമായി അഭിമുഖീകരിക്കാത്ത നിലപാടാണ്‌ സര്‍ക്കാരിന്റേത്‌. അപകടസാധ്യതയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പാലിക്കേണ്ട നിയമവ്യവസ്ഥകളും രക്ഷോപാധികളും ഇവിടെ അനുസരിക്കുന്നില്ലെന്നാണ്‌ സമരസമിതി പറയുന്നത്‌. പഠനത്തിനുപയോഗിച്ച വിവരങ്ങള്‍ കാലഹരണപ്പെട്ടതും കൃത്യതയില്ലാത്തതുമാണ്‌.

സമരത്തെ പോലിസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടി സര്‍ക്കാരിനെതിരേ പൊതുവികാരമുണര്‍ത്തിയിരുന്നു. കൊച്ചുകുട്ടികളെയും സ്‌ത്രീകളെയുമടക്കം തെരുവില്‍ തല്ലിച്ചതച്ച പോലിസ്‌ ഉദ്യോഗസ്ഥന്‍ യതീഷ്‌ ചന്ദ്രയ്‌ക്കെതിരേ മനുഷ്യാവകാശകമ്മിഷനില്‍ അലന്‍ എന്ന സ്‌കൂള്‍വിദ്യാര്‍ത്ഥി സാക്ഷി പറഞ്ഞതും കേരളക്കരയാകെ ശ്രദ്ധിച്ചു. രായ്‌ക്കു രാമാനം സമരപ്പന്തല്‍ പൊളിച്ചു മാറ്റിയാണ്‌ പോലിസ്‌ സമരക്കാരോട്‌ പകരം വീട്ടിയത്‌.

മനുഷ്യര്‍ക്കെന്നതു പോലെ പരിസ്ഥിതിക്കും ദോഷകരമാണ്‌ ഐഒസി പ്ലാന്റ്‌. തീരപ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചു കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതീവ പരിസ്ഥിതി ലോല മേഖലയെ കാര്‍ന്നു തിന്നുന്നു. ഏകദേശം 139 ഹെക്ടര്‍ കണ്ടല്‍ക്കാടുകളാണ്‌ പദ്ധതിക്കായി നശിപ്പിക്കപ്പെട്ടത്‌.

ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടാല്‍ ആള്‍നാശത്തിനൊപ്പം പാരിസ്ഥിതികനാശവും ഭീകരമായിരിക്കും. വാതകപൈപ്പ്‌ ലൈന്‍ കടന്നു പോകുന്നതും കണ്ടല്‍ക്കാടിനു നടുവിലൂടെയാണ്‌. റാംസാര്‍ സൈറ്റ്‌ ആയി പ്രഖ്യാപിച്ച വേമ്പനാട്ടു കായലിന്റെ അഴിമുഖത്താണ്‌ ടെര്‍മിനല്‍ സ്ഥാപിച്ചിരിക്കുന്നത്‌. അപകടകരമായ രാസവ്യവസായങ്ങള്‍ ഇവിടെ അനുവദിക്കാനാകില്ലെന്ന രാജ്യാന്തര കരാറിനു വിരുദ്ധമാണിത്‌.

കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പുതുവൈപ്പില്‍ അതിനെ തടയാന്‍ നിര്‍മിക്കുന്ന പുലുമുട്ടുകള്‍ പരമ്പരാഗത തീരദേശ മത്സ്യബന്ധനത്തെ അപകടപ്പെടുത്തും. പ്ലാന്റില്‍ നിന്നു പുറപ്പെടുന്ന രാസവസ്‌തുക്കള്‍ മത്സ്യ ആവാസവ്യവസ്ഥയെ മാറ്റിമറിക്കും. എല്‍പിജി മണത്തറിയാനായി ചേര്‍ക്കുന്ന മെര്‍ക്യാപ്‌റ്റന്‍ ജലജീവികള്‍ക്ക്‌ വിഷകരമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഐഒസി പദ്ധതികളുമായി ബന്ധപ്പെട്ട്‌ പ്രദേശത്ത്‌ 194 കോടി രൂപയുടെ പരിസ്ഥിതി സേവന നഷ്ടമനുഭവിക്കേണ്ടി വരുമെന്നാണ്‌ നിഗമനം.