Wed. Nov 6th, 2024
M Sivasankar arrested by ED

 

കൊച്ചി:

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. സ്വപ്ന സുരേഷിന്റെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ലോക്കറിൽ വെച്ചത് ശിവശങ്കറിന്റെ അറിവോടുകൂടിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇത് കൂടാതെ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട നയതന്ത്ര ബാഗ് വിട്ട് കിട്ടാന്‍ എം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറോട് സംസാരിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. 21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്ന് മെമ്മോയില്‍ പരാമര്‍ശമുണ്ട്.

എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതി ഒരാഴ്ചത്തേക്കാണ് ശിവശങ്കറിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു.

തനിക്ക് ഗുരുതര നടുവേദനയുണ്ടെന്ന് എം ശിവശങ്കർ കോടതിയിൽ നേരിട്ട് ജഡ്ജിയെ അറിയിച്ചു. രണ്ട് മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണം, അറസ്റ്റ് കാരണം ചികിത്സ പൂർത്തിയാക്കാനായില്ല, ശാരീരിക അസ്വസ്ഥതകൾ പരിഗണിക്കുന്നില്ല തുടങ്ങി നിരവധി വിഷയങ്ങൾ ശിവശങ്കർ കോടതിയിൽ അറിയിച്ചു. ഇതേ തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷം വിശ്രമം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. ആവശ്യമെങ്കിൽ ആയുർവേദ ഡോക്ടറെ കാണാം, ഭാര്യയെയും മകനെയും സഹോദരനെയും കാണാം, ചോദ്യം ചെയ്യൽ 9 മുതൽ 6  മണി വരെ മാത്രം തുടങ്ങി ഉപാധികളും കോടതി അംഗീകരിച്ചു.

 

By Athira Sreekumar

Digital Journalist at Woke Malayalam