പാലക്കാട്:
വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ വീട്ടിൽ നടത്തുന്ന സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ സമരപ്പന്തൽ സന്ദർശിച്ചു. ‘വിധി ദിനം മുതല്‍ ചതി ദിനം വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാതാപിതാക്കൾ സമരം നടത്തുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തത്.
കേസില്‍ രണ്ട് പെണ്‍കുട്ടികളുടെ ജീവന് മേല്‍ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒൻപതും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് ഭാഷ്യം മാതാപിതാക്കളുടെ മൊഴിയിൽ തിരുകികയറ്റാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പെൺകുട്ടികൾ പീഡനത്തിരയായി കൊല്ലപ്പെട്ട കേസിൽ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂതനെ വിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി ആ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.