Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

തെരഞ്ഞെടുക്കപ്പെടുന്ന  പീഡനക്കേസുകളില്‍ മാത്രമാകും താന്‍ പ്രതികരിക്കുകയെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഉത്തർപ്രദേശ് സർക്കാർ ചെയ്തതുപോലെ പീഡനം നടന്നുവെന്ന കാര്യം പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ നിഷേധിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.  യുപി സർക്കാരിനെപ്പോലെ പീഡനം നടന്ന കാര്യം നിഷേധിക്കുകയോ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ നീതി നിഷേധിക്കുകയോ ചെയ്യില്ലെന്നും രാഹുല്‍ വിമര്‍ശകര്‍ക്ക് മറുപടിയായി പറഞ്ഞു.

ഇരയുടെ കുടുംബത്തിന് നീതി നിഷേധിച്ചാലോ ഭീഷണിപ്പെടുത്തിയാലോ ഹോഷിയാര്‍പൂരില്‍ പോയും താന്‍ നീതിക്ക് വേണ്ടി പോരാടുമെന്ന് രാഹുല്‍ ട്വിറ്ററിലുടെ വ്യക്തമാക്കി. ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ ആറ് വയസ്സുകാരിയുടെ പീഡനത്തില്‍ മൗനം പാലിക്കുകയാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. കേന്ദ്രമന്ത്രിമാരായ  പ്രകാശ് ജാവദേക്കര്‍, നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്.


കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ ബാധിക്കപ്പെട്ടവരെ സന്ദര്‍ശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രമാണ് വിമര്‍ശനമെന്നുമായിരുന്നു വിമര്‍ശനം. ചില പ്രത്യേക പ്രശ്നങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നായിരുന്നു നിര്‍മല സീതാരാമന്‍റെ വിര്‍ശനം. രാജസ്ഥാനിലെ ടാൻഡയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ തയാറാകണമെന്നായിപുന്നു ജാവദേക്കര്‍ ആവശ്യപ്പെട്ടത്.

 

By Binsha Das

Digital Journalist at Woke Malayalam