ഡൽഹി:
ജെ.ഡി.യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സിന്ദാബാദ് മുഴക്കി ഒരുകൂട്ടം അണികള്‍. ജയ് വിളി കേട്ട് അമ്പരന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ അണികളോട് വേദിയിലിരിക്കെ ക്ഷുഭിതനായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അടുത്തിടെ ആര്‍.ജെ.ഡി വിട്ടെത്തിയ ലാലുവിന്റെ അടുത്ത അനുയായി കൂടിയായ ചന്ദ്രിക റായുടെ മണ്ഡലത്തില്‍ ഇന്നലെ നടന്ന പ്രചാരണ റാലിയിലാണ് ഒരു വിഭാഗം ആളുകൾ ലാലുവിന് ജയ് വിളിച്ചത്.
‘നിങ്ങളെന്താണ് പറയുന്നത്? ആ മണ്ടത്തരം വിളിച്ചുകൂവുന്നവര്‍ ഒന്ന് കൈ പൊക്കു. ഇവിടെ ലാലുവിന് ആര്‍പ്പുവിളി വേണ്ട. നിങ്ങള്‍ എനിക്ക് വേട്ട് ചെയ്യുന്നില്ലെങ്കില്‍ വേണ്ട, എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്, അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുത്’, ഇതായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകൾ. പിന്നീട് സദസ്സ് അൽപ്പം നിശബ്‌ദമായപ്പോഴാണ് അദ്ദേഹം തന്റെ പ്രസംഗം തുടർന്നത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ് 2018 മുതല്‍ ജയിലിൽ കഴിയുകയാണ്. 40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ലാലു ഇല്ലാതെ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.