കൊച്ചി:
കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കുന്നതെന്ന് ഹൈക്കോടതി. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കോടതി വിമർശിച്ചു. നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഈ വിഷയം ഉന്നയിച്ചത്.
സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹൈക്കോടതി വിമർശനം. മറ്റ് സംസ്ഥാനങ്ങളില്‍ ആറും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്‌കരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുകയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.