കോട്ടയം:
ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിടുമ്പോൾ 38 വർഷം നീണ്ട ബന്ധമാണ് ഉപേക്ഷിക്കുന്നത്. യുഡിഎഫിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും ആത്മാഭിമാനം അടിയറവ് വെച്ച് മുന്നോട്ട് പോകാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നണി മാറ്റം.
യാതൊരു ഉപാധികളും ഇല്ലാതെയാണ് എൽഡിഎഫിലേക്ക് പോകുന്നതെന്നാണ് ജോസ് കെ മാണി പറയുന്നത്. എന്നാൽ സീറ്റുകളുടെ കാര്യത്തിൽ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തു. പാലാ ഉൾപ്പടെ പന്ത്രണ്ട് സീറ്റുകൾ നിയമസഭ തിരഞ്ഞെടുപ്പിൽ നൽകാമെന്നാണ് സിപിഎമ്മുമായി ജോസ് വിഭാഗം ഉണ്ടാക്കിയ ധാരണ. എന്നാൽ പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകുന്നത് എൽഡിഎഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.
അതേസമയം ഇടതുമുന്നണിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ വ്യക്തമാക്കി. പക്ഷെ അപ്പോഴും പാലാ വിട്ട് നൽകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ല, ഇടതുപക്ഷത്ത് അടിയുറച്ച് നില്‍ക്കും ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
യുഡിഎഫുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മാണി സി കാപ്പൻ വാദിക്കുമ്പോഴും കാപ്പൻ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയതായും പാലാ പോയാൽ പാർട്ടിയിലേക്ക് വരുമെന്ന് പറഞ്ഞതായും യുഡിഎഫ് കൺവീനർ എം എം ഹസൻ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് മുങ്ങുന്ന കപ്പലാണ്. ജോസ്.കെ.മാണി വന്നതുകൊണ്ട് നേട്ടമുണ്ടാകില്ലെന്നും എം എം ഹസൻ പ്രസ്താവനയിൽ വ്യക്തമാക്കി.
യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ചതിലൂടെ കേരള കോൺഗ്രസ്സ് വ്യക്തമാക്കുന്നത്. എൽഡിഎഫ് കൺവീനറായ വിജയരാഘവനും ഇതേ അഭിപ്രായമാണ്. എം എം ഹസന്റെ വാക്കുകൾ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജോസ് പോയത് മാണി സാറിനെ ആക്രമിച്ചവർക്കൊപ്പമാണെന്ന് പി ജെ ജോസഫ് വാദിച്ചു. പാലായിൽ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്നും ജോസിനെ പുറത്താക്കിയതല്ല, സ്വയം പുറത്തുപോയതാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ മുൻകൂട്ടി തയ്യാറാക്കിയ തിരകഥയാണെന്നാണ് കെപിസിസി president മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്.
ജോസ് കെ മാണി എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റില്‍പ്പറത്തിയെന്നും വഞ്ചനയാണ് ചെയ്തതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകട്ടെ കേരളാ കോൺഗ്രസ് എം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടു. ഒപ്പം ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്നും കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഒരു പ്രഖ്യാപനം തന്നെയാണ് ഇന്ന് നടന്നത്. ഈ മുന്നണി മാറ്റങ്ങൾ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ സ്വാധീനിക്കുമെന്ന് ഇനി കണ്ടറിയാം.